മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
എം വി ഗോവിന്ദന്റെ വാക്കുകള്‍…..
‘സഖാവിന്റെ വിയോഗത്തില്‍ പാര്‍ട്ടിയും ഇന്ത്യയിലെ ജനങ്ങളും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ആശുപത്രിയില്‍ നിന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ഇന്ന് രാത്രി അവിടെ പൊതുദര്‍ശനമുണ്ടാവും. തുടര്‍ന്ന് നാളെ ഒന്‍പത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം നാഷണല്‍ ഹൈവേ വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയുണ്ടാകും. രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കും. 23ന് വൈകിട്ട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടക്കും’.
ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.