മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് അനുശോചനം അറിയിച്ച് നടി മഞ്ജു വാര്യര്‍. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളമുള്ള കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതെന്ന് മഞ്ജു പറയുന്നു. തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
മഞ്ജു വാര്യരുടെ കുറിപ്പിന്റെ പൂര്‍ണ രൂപം……
‘വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തില്‍ ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി’.
‘പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍’, എന്നാണ് മമ്മൂട്ടി അനുശോചനം അറിയിച്ച് കുറിച്ചത്. മറ്റ് നിരവധി കലാ-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും അച്യുതാനന്ദന് അനുശോചനം അറിയിച്ച് കൊണ്ട് രംഗത്ത് എത്തുന്നുണ്ട്.
അതേസമയം, വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 22, നാളെ സംസ്ഥാനത്ത് പൊതു അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിവച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 3.20ഓടെയാണ് വി എസ് അച്യുതാനന്ദന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 101 വയസായിരുന്നു. സംസ്‌കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടില്‍ നടക്കും.