News

‘കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് വി എസ് തന്റെ രാഷ്ടീയ പ്രവര്‍ത്തനം നടത്തിയത്’; വി ഡി സതീശന്‍

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് വി ഡി സതീശന്‍ തന്റെ അനുശോചന കുറിപ്പില്‍ അറിയിച്ചു.

വിഡി സതീശന്റെ വാക്കുകള്‍….

കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് വി എസ് ത്നറെ രാഷ്ടീയ പ്രവര്‍ത്തനം നടത്തിയത്. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് വി എസ് അച്യുതാനന്ദന്‍. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നിന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹത്തിന്റേതെന്നും വി ഡി സതീശന്‍ പറഞ്ഞു.കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി എസ് തന്നെയായിരുന്നു നേതാവ്. പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും താന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി എസ് എന്നും വി ഡി സതീശന്‍ പറഞ്ഞു. എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വി എസ് അതില്‍ ഇടപെട്ടു. ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തിയെന്നും വി ഡി സതീശന്‍ ഓര്‍ത്തെടുത്തു.

ഒരു നിയമസഭാംഗമെന്ന നിലയില്‍ മുഖ്യമന്ത്രിയായ വി എസിന്റെ ഇടപെടലിന് താന്‍ നന്ദി പറഞ്ഞെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് നന്ദി പറയുന്നെന്നായിരുന്നു വി എസിന്റെ മറുപടി എന്നും അദ്ദേഹം പറഞ്ഞു.. ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും വി ഡി സതീശന്‍ തന്റെ അനുശോചന കുറിപ്പില്‍ അറിയിച്ചു.

അതെസമയം വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 22, നാളെ സംസ്ഥാനത്ത് പൊതു അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിവച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 3.20ഓടെയാണ് വി എസ് അച്യുതാനന്ദന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 101 വയസായിരുന്നു. സംസ്‌കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടില്‍ നടക്കും.