തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു.
വൈകിട്ട് ഏഴേകാലോടെയാണ് വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചത്. ആയിര കണക്കിന് പ്രവർത്തകർ വി എസിന് അന്ത്യാഭിവാദ്യങ്ങളുമായി കാത്തുനിന്നു. എ കെ ജി സെന്ററിലെ പൊതുദർശനത്തിന് ശേഷം രാത്രി പതിനൊന്നേമുക്കാലോടെ മൃതദേഹം തിരുവനന്തപുരത്തെ ബാർട്ടൻഹില്ലിലെ വീട്ടിലേക്ക് എത്തിച്ചു. ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ദർബാർ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വി എസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.