Kerala

മാതാപിതാക്കള്‍ മരിച്ചപ്പോള്‍ ഇല്ലാത്തത്ര വേദന; മനസ്സു വല്ലാതെ പിടഞ്ഞു, വല്ലാത്ത നീറ്റല്‍! വി.എസിനെ കുറിച്ച് മുൻ പിഎ എ സുരേഷ് കുമാര്‍ | Comrade VS

വി എസിന് പകരംവെയ്ക്കാൻ ഒരേ ഒരു വി എസ് മാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മുന്‍ പിഎ എ സുരേഷ് കുമാര്‍. തന്റെ മാതാപിതാക്കള്‍ മരിച്ചപ്പോള്‍ ഇല്ലാത്തത്ര വേദനയാണ് വി എസിന്റെ വേര്‍പാടില്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വി എസിന് പകരംവെയ്ക്കാൻ ഒരേ ഒരു വി എസ് മാത്രമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണ രൂപം…

പ്രതീക്ഷകള്‍ വിഫലമായി…
വല്ലാത്ത അനാഥത്വം അനുഭവിക്കുന്നു…
മാതാപിതാക്കള്‍
ചേതനയറ്റ് കിടന്നപ്പോള്‍ ഇല്ലാത്ത വേദന..
ഇന്നും പതിവ് പോലെ എസ് യു ടി യില്‍ രാവിലെ മുതല്‍ ഉണ്ട്. ഒരു പന്ത്രണ്ട് മണി ആയെന്ന് തോന്നുന്നു.

വി എസിന്റെ രക്ത സമ്മര്‍ദത്തില്‍ നേരിയ വ്യതിയാനം ഉണ്ടന്ന് അറിഞ്ഞു.
വലിയ പ്രശ്‌നം തോന്നിയില്ല.
രണ്ട് മണിയായപ്പോള്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം കുറയുന്നില്ല എന്നറിഞ്ഞു.
മനസ്സു വല്ലാതെ പിടഞ്ഞു.
ഒരു വല്ലാത്ത നീറ്റല്‍.
ഒറ്റക്കായിരുന്നു.
വിനോദിനെയും ശശി മാഷെയും വിളിച്ചു വിവരം പറഞ്ഞു. പിന്നീട് സിഎമ്മും ഗോവിന്ദന്‍ മാഷ് ഉള്‍പ്പെടെ ഉള്ള പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ എത്തി.
മനസ്സ് പതറി.
3.20ന് സഖാവ് പോയി.
അപ്പോഴും ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല.
ചേതനയറ്റ സഖാവിനെ കാണാന്‍ എസ് യു ടി യില്‍ കാത്ത് നില്‍ക്കുന്നു.
മണ്ണിനും മനുഷ്യനും ഇനി ആര് കാവല്‍ നില്‍ക്കും.
അശരണര്‍ക്ക് അഭയമായി ഇനി ആരുണ്ടാവും.

പാര്‍ശ്വവൽകരിക്കപ്പെട്ടവന്റെ കരച്ചില്‍ ഇനി ആര് കേള്‍ക്കും
സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുണ്ടാവും.
വി എസിന് പകരംവെയ്ക്കാന്‍ ഒരേ ഒരു വി എസ് മാത്രം..
കണ്ണേ കരളേ വി എസ്സേ

content highlight: Comrade VS