Kerala

സമര ഭൂമികയിലെ സജീവ സാന്നിധ്യം; വി.എസ്. നടന്നു തീർത്തത് ഈ നാടിന്റെ സമരവഴികൾ | V S Achudhanandhan

എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ അവിടേക്ക് വിഎസ് ഓടിയെത്തുമായിരുന്നു

വി.എസ് എന്ന് കേൾക്കുമ്പോഴെ മലയാളികൾക്ക് എന്നും സമരാവേശമാണ്. നിലപാടിലെ കാര്‍ക്കശ്യവും, അനീതിക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങളും മതികെട്ടാനും, പ്ലാച്ചിമടയും, മൂന്നാര്‍ ദൗത്യത്തിലൂടെ ജനനായകനായി വിശ്വാസത്തിന്റെ രണ്ടക്ഷരം കൂടിയായി വി.എസ് മാറുന്നതും കേരളം കണ്ടു. എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ അവിടേക്ക് വിഎസ് ഓടിയെത്തുമായിരുന്നു.

  • മതികെട്ടാന്‍ മല

ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ മലയില്‍ വന്‍തോതില്‍ കൈയേറ്റം നടന്നതായും നൂറ് കണക്കിന് മരങ്ങള്‍ തീവെച്ച് നശിപ്പിച്ചെന്നുമുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ചാനലുകളില്‍ കൈയേറ്റത്തിന്റെ ദൃശ്യങ്ങളും വന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്നു വി.എസ്.അച്യുതാനന്ദന്‍. 2002 ഏപ്രില്‍ 20-ന് അച്യുതാനന്ദനും സംഘവും മതികെട്ടാന്‍മലയിലെ വന കൈയേറ്റ ഭൂമി സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തോടെയാണ് മതികെട്ടാന്‍ ഭൂമി വിഷയം സജീവ ചര്‍ച്ചയായി കേരളത്തിലെ പൊതു സമൂഹത്തിന്റെ മുന്നിലെത്തുന്നതും. വി.എസ്. അച്യുതാനന്ദന്‍ എന്ന നേതാവിനു കേരള സമൂഹത്തിനു മുന്നില്‍ ഏറെ സ്വീകാര്യത വര്‍ധിപ്പിച്ച വിഷയങ്ങളിലൊന്നു കൂടിയായിരുന്നു മതികെട്ടാന്‍ സന്ദര്‍ശനം.

പിന്നീട് നിരന്തരം ഈ വിഷയം ഉയര്‍ത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് വി.എസ്.തലവേദന സൃഷ്ടിച്ചു. വി.എസിന്റെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ 2003-ല്‍ ആന്റണി സര്‍ക്കാരിന് മതികെട്ടാന്‍മല വനഭൂമി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കേണ്ടി വന്നു.

  • മൂന്നാര്‍ ദൗത്യം

2007 മെയ് 13. മൂന്നാര്‍ നടയാര്‍ റോഡിലെ സമ്മര്‍ കാസില്‍ എന്ന അഞ്ചുനിലയുള്ള റിസോര്‍ട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയോഗിച്ച ദൗത്യസംഘം ഇടിച്ചുനിരത്തിയത് അന്നാണ്. അതിനും രണ്ടുമാസം മുമ്പാണ് ആ റിസോര്‍ട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ബൈസണ്‍വാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം ഇടിച്ചുപൊളിച്ചുകളയുന്നത് മലയാളികള്‍ അവിശ്വസനീയതയോടെയാണ് ടി.വി.യില്‍ കണ്ടിരുന്നത്. മൂന്നാറില്‍ ജെ.സി.ബി. ഉരുണ്ടുതുടങ്ങുകയായിരുന്നു. കൈയേറ്റമൊഴിപ്പിക്കലിന്റെ ഒരു പുതിയ പാതയാണ് അന്നു വി.എസ്. വെട്ടിത്തുറന്നത്. വി.എസിന്റെ ജനപ്രീതി കുത്തനെയുയര്‍ന്ന സംഭവമായിരുന്നു അത്. മെയ് 13 മുതല്‍ ജൂണ്‍ ഏഴുവരെ 91 കെട്ടിടങ്ങളാണ് നിലംപൊത്തിയത്. 11,350 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുകയുംചെയ്തു.

ഹൈക്കോടതിവിധിക്ക് ആധാരമായ ക്ലൗഡ് നയന്‍ പൊളിച്ചത് 2007 ജൂണ്‍ രണ്ടിനാണ്. ഏലംകൃഷിക്ക് അനുവദിച്ച സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഒരു യു.ഡി.എഫ്. മന്ത്രിയുടെ ബന്ധുവി ന്റെ പേരിലുള്ളതാണ് ക്ലൗഡ് നയന്‍. 2.87 ഏക്കര്‍ സ്ഥലത്ത് പത്തുകോടിയോളം മുടക്കിയാണ് ഇതു പണിതത്. വി.എസ്. അയച്ച മൂന്നു ‘പൂച്ചകള്‍’ (ദൗത്യസംഘം സ്‌പെഷല്‍ ഓഫീസര്‍ കെ.സുരേഷ്‌കുമാര്‍, അന്ന് ഐ.ജി.യായിരുന്ന ഋഷിരാജ് സിങ്, അന്നത്തെ ഇടുക്കി കളക്ടര്‍ രാജുനാരായണസ്വാമി) കൈയേറ്റമൊഴിപ്പിക്കലിന് നാളിതുവരെയുണ്ടായിരുന്ന എല്ലാ പതിവുകളും തെറ്റിച്ചു.

മൂന്നാര്‍ മേഖലയിലെ പത്തോളം റിസോര്‍ട്ടുകള്‍ പിന്നീട് പൊളിച്ചു. ദേശീയപാത 49നു സമീപം പെരിയകനാലിലുള്ള ക്ലൗഡ് നയന്‍, രണ്ടാംമൈലിലെ മൂന്നാര്‍ വുഡ്‌സ്, ലക്ഷ്മിയിലെ അബാദിന്റെ സ്ഥാപനം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊളിഞ്ഞുവീണു. ദൗത്യസംഘം മൂന്നുമാസത്തോളം മൂന്നാറില്‍ ക്യാമ്പുചെയ്യുകയായിരുന്നു. ചാനലുകള്‍ എല്ലാം ഇടതടവില്ലാതെ ജനങ്ങളിലെത്തിച്ചു. ആദ്യഘട്ടത്തില്‍ പാര്‍ട്ടിയും വി.എസിനൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് കഥ മാറി. സി.പി.ഐ. ഓഫീസി ന്റെ ഒരുഭാഗം പൊളിച്ചതോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവാദത്തിലായത്. അന്ന് റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി.രാജേന്ദ്രന്‍ ഇടഞ്ഞു. പി.കെ.വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം നിന്നിരുന്നത്. ഇതിന്റെ മുന്‍വശത്ത് പത്തുമീറ്ററോളം നീളത്തിലും അഞ്ചുമീറ്റര്‍ വീതിയിലും കെട്ടിടത്തിലേക്കു പണിത കോണ്‍ക്രീറ്റ് റോഡാണ് ആദ്യം പൊളിച്ചത്. ദേശീയപാതയില്‍നിന്ന് 15 മീറ്റര്‍ മാറിയേ നിര്‍മാണം പാടുള്ളൂ. ഇത് ലംഘിച്ചതിനാലാണ് പൊളിപ്പിച്ചത്. ഇത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കിടയാക്കി.

പിന്നീട് കോളനി റോഡിലെ ധന്യശ്രീ ഹോട്ടല്‍ പൊളിപ്പിക്കാനെത്തിയപ്പോള്‍ സി.പി.എം. പ്രാദേശികനേതാക്കളും ഇടഞ്ഞു. അതുവരെ ജില്ലയില്‍ വി.എസ്സി ന്റെ ഏറ്റവും വിശ്വസ്തനായിരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം.മണിയും അദ്ദേഹത്തിനെതിരായി. പിണറായി പക്ഷത്തേക്കു മാറിയ മണി, പിന്നീട് ഏറ്റവും കടുത്ത വി.എസ്. വിരുദ്ധനാകുന്നതാണ് കണ്ടത്. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാലുവെട്ടുമെന്ന് മണി പ്രഖ്യാപിച്ചു. പാര്‍ട്ടിയില്‍നിന്നുകൂടി കലാപക്കൊടി ഉയര്‍ന്നതോടെ വി.എസ്സിന് ദൗത്യസംഘത്തെ പിന്‍വലിക്കേണ്ടിവന്നു.

നേരത്തെ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം.ഐ.രവീന്ദ്രന്‍, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ ‘രവീന്ദ്രന്‍പട്ടയ’ങ്ങളുടെ കഥയും അക്കാലത്ത് പുറത്തുവന്നു. ദൗത്യസംഘത്തിന്റെ ദൗത്യം സങ്കീര്‍ണമായി. പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങുകയും ചെയ്തു. നിരവധി വിവാദങ്ങളില്‍ കുടുങ്ങി ദൗത്യസംഘം മലയിറങ്ങി. പിന്നീടൊരിക്കലും അത്തരമൊരു ഒഴിപ്പിക്കല്‍ മൂന്നാറിലുണ്ടായില്ല. മൂന്നാര്‍, ചിന്നക്കനാല്‍ തുടങ്ങിയ പ്രകൃതിരമണീയ സ്ഥലങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ കൈയില്‍ തുടരുകയുംചെയ്യുന്നു.

  • പ്ലാച്ചിമട

2000 മാര്‍ച്ചിലാണ് കൊക്കകോള കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിദിനം 10 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ആറുമാസം കഴിഞ്ഞപ്പോള്‍ പരിസരത്തെ കിണറുകളിലെ ജലനിരപ്പു താണു. വെള്ളത്തിന് രുചിവ്യത്യാസമുണ്ടായി. ഈ വെള്ളം ഉപയോഗിച്ച് കഞ്ഞിവെച്ചപ്പോള്‍ കഴിക്കാന്‍ പറ്റാതെയായി. കുളിച്ചാല്‍ ചൊറിച്ചിലായി. വസ്ത്രങ്ങള്‍ കഴുകാന്‍പോലും കഴിയാതെ വന്നു. ആദിവാസികള്‍ ആരംഭിച്ച സമരത്തിന് തുടക്കത്തില്‍ അയ്യങ്കാളിപ്പടയുടെയും പി.യു.സി.എലിന്റെയും പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രക്ഷോഭം തുടങ്ങിയപ്പോള്‍ പ്രലോഭനങ്ങളുമായി കൊക്കകോള രംഗത്തുവന്നു. ചിലര്‍ക്ക് ജോലി വാഗ്ദാനം, വീടുകളില്‍ ലോറിയില്‍ വെള്ളം. പക്ഷേ ജനങ്ങള്‍ പ്രലോഭനങ്ങളില്‍ വീഴാതെ വന്നപ്പോള്‍ പോലീസിനെ ഉപയോഗിച്ചു. സമരത്തിന്റെ 50-ാം ദിവസം പോലീസ് മര്‍ദനമേറ്റ് ഏഴ് ആദിവാസി സ്ത്രീകള്‍ ആസ്പത്രിയിലായി.

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ സമരം തുടരുമ്പോള്‍ 2002-ലെ ഗാന്ധിജയന്തി ദിനത്തില്‍ പ്‌ളാച്ചിമടയ്ക്ക് സമീപം വണ്ടിത്താവളത്തും ജനതാദള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പാര്‍ട്ടി പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പിന്തുണ പ്രഖ്യാപിച്ചത് പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറ്റി. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൊക്കകോള ഫാക്ടറി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെയും പ്രശസ്ത പരിസ്ഥിതി-മനുഷ്യാവകാശപ്രവര്‍ത്തക മേധാപട്ക്കറുടെയും പദ്മഭൂഷന്‍ ബഹുമതി ഉപേക്ഷിച്ച് സര്‍ക്കാരിനെതിരെ അണിചേര്‍ന്ന പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സിദ്ധരാജ ദദ്ധയുടെയും പിന്തുണ സമരത്തിന് ശക്തിപകര്‍ന്നു.

പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി നടത്തിയ ജലചൂഷണത്തെ തുടര്‍ന്ന് പരിസ്ഥിതിക്കുണ്ടായ നാശവും ജനങ്ങളുടെ ജീവനുണ്ടായ അപകടങ്ങളും ഭൂമിയുടെ ഫലഭൂയിഷ്ഠതയുടെ നാശവും സംബന്ധിച്ച് പഠിക്കാന്‍ വിഎസ് സര്‍ക്കാരാണ് സമിതിയെ ചുമതലപ്പെടുത്തിയത്. അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാര്‍ തലവനായ സമിതി പ്ലാച്ചിമടയില്‍ പഠനം നടത്തുകയും ജലചൂഷണത്തെ തുടര്‍ന്ന് പരിസ്ഥിതി ആഘാതം ഗുരുതരമായെന്നും കൃഷിയും ജനജീവിതവും തകര്‍ന്നുവെന്നും റിപ്പോര്‍ട്ട് നല്‍കി. 216.16 കോടിരൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയത്. തുടര്‍ന്നാണ് എല്ലാവിധ ഭരണഘടനാ പദവിയുമുള്ള ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 2011 ഫെബ്രുവരി 24ന് നിയമസഭ ഐക്യകണ്‌ഠ്യേന പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കി.

content highlight: Comrade VS