വര്‍ഷങ്ങളോളം തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായിരുന്ന വി എസിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വികാരാധീനനായി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. “എന്താ മിസ്റ്റർ ആന്റണി…” വർഷങ്ങളോളം മറുതലയ്ക്കൽ കേട്ടിരുന്ന ആ ശബ്ദം ഇനിയില്ല.. രാഷ്ട്രീയകാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത, അതേസമയം എതിരാളികളോട് കർക്കശക്കാരനും വ്യക്തിപരമായി ഊഷ്മള ബന്ധം പുലർത്തിയ ഒരാളായിരുന്നു വി എസ്.
ആന്റണി അനുസ്മരിച്ചു. വിഎസുമായി എന്നെയൊരിക്കലും താരതമ്യം ചെയ്യാൻ പോലും കഴിയാനാകില്ലെന്നും പാവപ്പെട്ടവർക്കായുള്ള സമരങ്ങളിൽ എത്രയോ തവണ പൊലീസ് മർദ്ദനങ്ങളും ജയിൽവാസവും അനുഭവിച്ച വ്യക്തിയാണ് അദ്ദേഹമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരുകാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറിയിട്ടില്ല വി എസ്. അദ്ദേഹത്തിനെതിരെ ഇന്നുവരെയും യാതൊരു ആരോപണങ്ങളും ഉന്നയിക്കേണ്ടതായി വന്നിട്ടില്ല. ജീവിതത്തിലുടനീളം പാവപ്പെട്ടവർക്കും അധ്വാനിക്കുന്നവർക്കും വേണ്ടി പോരാടിയ വ്യക്തി. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ ജീവിതം മാറ്റിയത് വിഎസാണ്. തിരുവിതാംകൂറിന്റെ സാമൂഹിക ഘടനയിൽ മാറ്റം വരുത്തിയ ഒരു യുഗത്തിന്റെ അന്ത്യമാണെന്നും ആന്റണി പറയുന്നു.