സഖാക്കളുടെ സഖാവാണ് വിടപറഞ്ഞ വിഎസ്. ത്യാഗോജ്വലമായ പോരാട്ടങ്ങൾ പൂർത്തിയാക്കി സഖാവ് മടങ്ങുകയായി. വി എസിന്റെ രാഷ്ട്രീയ ജീവിതത്തിൽ മറക്കാനാവാത്ത ഏടാണ് വാലാനിക്കൽ തറവാടും കരിമാലിപ്പുഴ വീടും. ആലപ്പുഴയിൽ തൊഴിലാളി സമരങ്ങൾ നടക്കുന്ന സമയം കോട്ടയത്ത് എത്തിയ വി എസിന് താമസം ഒരുക്കിയത് ഇട്ടീരവൈദ്യർ കാരണവരുടെ വാലാനിക്കൽ തറവാട്ടിലായിരുന്നു. നാട്ടിൽ നല്ല സ്വാധീനമുള്ള കുടുംബമായതുകൊണ്ട് തന്നെ അധികാരികൾ പെട്ടെന്ന് ഇവിടേക്ക് വരില്ല എന്നത് കൊണ്ടാണ് ഒളിവിൽ കഴിയാൻ വാലാനിക്കൽ തറവാട് തെരഞ്ഞെടുക്കുന്നത്.
എന്നാൽ,പുന്നപ്ര സമരത്തിനുശേഷം വീണ്ടും ഇവിടെയെത്തിയ വി എസിനെ വൈദ്യർ ബന്ധുവീടായ കരിമാലിപ്പുഴ വീട്ടിലേക്ക് മാറ്റി. പൂഞ്ഞാർ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്നതിനാൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിന്നുള്ള പൊലീസുകാർ വാലാനിക്കൽ തറവാട്ടിലേക്കും എത്താൻ സാധ്യതയുണ്ടെന്നതിനാലാണ് കരിമാലിപ്പുഴ വീട്ടിലേക്ക് മാറിയത്. ഇവിടെ ഒളിവിൽ കഴിയുമ്പോഴാണ് വി എസ് പിടിയിലായത്.
ഒരു നേരമെങ്കിലും വീടിനടുത്തുള്ള തോട്ടിൽ കുളിക്കണമെന്ന് വി എസിന് നിർബന്ധമുണ്ടായിരുന്നു. വീട്ടുകാർ ഇത് തടഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇവിടെ നിന്ന് കുളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വി എസ് പൊലീസ് പിടിയിലാകുന്നത്. മൂവേലിത്തോട്ടിൽ കുളിക്കുന്ന അപരിചിതനെ കണ്ടവർ വഴിയാണ് പോലീസ് വി എസിനെ അറസ്റ് ചെയ്യാനായി കരിമാലിപ്പുഴ വീട്ടിലെത്തുന്നത്. വാലാനിക്കൽ പഴയ വീട് പൊളിച്ചു പുതിയതാക്കി. ഇട്ടീരവൈദ്യരുടെ കൊച്ചുമകനാണ് നിലവിൽ താമസിക്കുന്നത്. കരിമാലിപ്പുഴ വീട് പൊളിച്ചുകളഞ്ഞു.
content highlight: Comrade VS