അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും യുദ്ധാഭ്യാസം നടത്താൻ ഇന്ത്യൻ വ്യോമസേനയുടെ തീരുമാനം. നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിർത്തിക്ക് സമീപം യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്താൻ വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം ( NOTAM- Notice to Airmen) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നും നാളെയും യുദ്ധാഭ്യാസം നടത്താൻ പാകിസ്ഥാൻ വ്യോമസേനയും നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യോമസേനയുടെ സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. രാജ്യാന്തര അതിർത്തിയിൽ ബാർമർ മുതൽ ജോധ്പുർ വരെയുള്ള മേഖലയിൽ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തിൽ റഫാൽ, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് വെടിനിർത്തൽ കരാർ നിലവിൽ വന്നുവെങ്കിലും അതിർത്തി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യത നിലനിൽക്കുകയാണെന്നാണ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ യുദ്ധാഭ്യാസം നടത്തുന്നത് എന്നാണ് സൂചന. നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയിൽ മറ്റ് യാത്രാ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ അനുമതി ഉണ്ടായിരിക്കില്ല.