Food

ബ്രേക്ഫാസ്റ്റിന് പഞ്ഞിപോലുള്ള പാലപ്പം തയ്യാറാക്കിയാലോ?

ബ്രേക്ഫാസ്റ്റിന് പഞ്ഞിപോലുള്ള പാലപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പച്ചരി – 3 കപ്പ്
  • ചോറ് – 2കപ്പ്
  • കട്ടിയുള്ള തേങ്ങാപാൽ – 1 കപ്പ്
  • യീസ്റ്റ് – 1/2 ടീസ്പൂൺ
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • ചെറു ചൂടുവെള്ളം -4 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ചുവന്നുള്ളി – 2 ചെറുത്
  • ജീരകം- 4 നുള്ള്

തയ്യാറാക്കുന്ന വിധം

ചെറുചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് പഞ്ചസാരയും, യീസ്റ്റും ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കാം. ഇനി മറ്റൊരു പാത്രത്തിൽ പച്ചരിയെടുത്ത് വെള്ളം ചേർത്ത് കുതിർത്തു വയ്ക്കാം. കുതിർത്തെടുത്ത പച്ചരിയിലേയ്ക്ക് വേവിച്ച ചോറും, തേങ്ങാപ്പാലും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം. അരച്ചെടുത്ത മാവിലേയ്ക്ക് യീസ്റ്റും പഞ്ചസാരയും ചേർത്ത ലായനി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് എട്ട് മണിക്കൂർ മാറ്റി വയ്ക്കാം. ചിരകിയെടുത്ത തേങ്ങയും, ചുവന്നുള്ളിയും, ജീരകവും മാവിലേയ്ക്കു ചേർത്തിളക്കാം. അപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. ചട്ടി ചൂടായതിനു ശേഷം തീ കുറച്ചു വയ്ക്കാം. അതിലേയ്ക്ക് മാവ് ഒഴിച്ച് ചുട്ടെടുക്കാം.