കേരള രാഷ്ട്രീയത്തിൽ കാർക്കശ്യക്കാരനായ നേതാവ് എന്നതുപോലെ, മിമിക്രി വേദികളിൽ വി.എസ്. ഒരു താരമായി മാറി. ‘അച്ചുമാമൻ’ എന്ന ഓമനപ്പേരിൽ സ്വീകരണമുറികളിലെ പ്രിയങ്കരനായ അദ്ദേഹത്തിന്റെ ശൈലികളും സംഭാഷണങ്ങളും പതിറ്റാണ്ടുകളായി മിമിക്രി കലാകാരന്മാരുടെ ഇഷ്ടവിഭവമാണ്. വി.എസിന്റെ വളർച്ചയിൽ മിമിക്രിക്ക് വലിയ പങ്കുണ്ടോ എന്ന ചോദ്യം ഉയരുമ്പോൾ, അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിൽ ഈ കലാരൂപം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
മിമിക്രി ഒരു കലാരൂപമായി വളർന്നു വന്നപ്പോൾ, സിനിമ താരങ്ങളായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന അനുകരണ വിഷയങ്ങൾ. എന്നാൽ 1990-കളുടെ തുടക്കത്തോടെ രാഷ്ട്രീയ നേതാക്കളും മിമിക്രി വേദികളിൽ കടന്നുവരാൻ തുടങ്ങി. കെ. കരുണാകരനും ഇ.കെ. നായനാരുമായിരുന്നു ആദ്യകാലങ്ങളിലെ മിമിക്രി കലാകാരന്മാരുടെ ഇഷ്ട കഥാപാത്രങ്ങൾ. കാർട്ടൂണുകളിലും ഇവർ തന്നെയായിരുന്നു താരങ്ങൾ. എന്നാൽ, ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ, വി.എസ്. അക്കാലത്ത് ഈ വിനോദ മേഖലകളിൽ നിന്ന് അൽപ്പം അകന്നു നിൽക്കുകയായിരുന്നു.
1995-ന് ശേഷം ടെലിവിഷന്റെ പ്രചാരം വർധിച്ചതോടെ ഹാസ്യപരിപാടികൾ കേരളത്തിലെ ഓരോ സ്വീകരണമുറിയിലും എത്തിച്ചേർന്നു. മുഖ്യധാരാ സിനിമകളും സമകാലീന രാഷ്ട്രീയം പ്രമേയമാക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയക്കാരെ കഥാപാത്രങ്ങളാക്കുന്നത് മലയാളികൾക്ക് പരിചിതമായി. 1996-2001 കാലഘട്ടത്തിൽ വി.എസ്. എൽ.ഡി.എഫ്. ചെയർമാനായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ തന്റെ ജനകീയതയും നർമ്മബോധവും കൊണ്ട് മിമിക്രി സ്കിറ്റുകളിലെ പ്രധാന കഥാപാത്രമായിരുന്നു. എന്നാൽ അക്കാലത്ത് വന്ന ഒരു സിനിമയിൽ പോലും വി.എസിനോട് സാമ്യമുള്ള കഥാപാത്രത്തെ “വെട്ടിനിരത്തൽ സമരക്കാരൻ” എന്ന നിലയിലാണ് ചിത്രീകരിച്ചത്, ഇത് അന്ന് അദ്ദേഹത്തിനുണ്ടായിരുന്ന ഒരു പ്രത്യേക പ്രതിച്ഛായ എടുത്തു കാണിക്കുന്നു.
വി.എസ്. ശരിക്കും മിമിക്രി കലാകാരന്മാർക്കിടയിൽ താരമാകുന്നത് 2001-ൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ്. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വലിയ “മേക്ക്ഓവർ” എന്ന് തന്നെ പറയാം. ഈ കാലഘട്ടം മിമിക്രി കലാകാരന്മാർ ശരിക്കും മുതലെടുത്തു. വി.എസിന്റെ തോളുകൾ പൊന്തിച്ചുള്ള നടപ്പും, വലിച്ചു നീട്ടിയ സംസാര ശൈലിയും മിമിക്രി വേദികളിലെ പ്രധാന ഇനങ്ങളായി മാറി. പലപ്പോഴും മിമിക്രി സ്കിറ്റുകളിൽ അദ്ദേഹത്തെ “അച്ചുമാമൻ” എന്നാണ് വിശേഷിപ്പിച്ചത്.
മുൻ മിമിക്രി കലാകാരനും ടി.വി. പ്രോഗ്രാം പ്രൊഡ്യൂസറുമായ ആൽബി ഫ്രാൻസിസ് അക്കാലത്തെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെയാണ്: “വി.എസ്. അന്ന് സമൂഹത്തിൽ ഒരു പോസിറ്റീവ് ഘടകമായിരുന്നു, ഒപ്പം അന്നത്തെ ടെലിവിഷനിലെ ജനപ്രിയ മുഖവുമായിരുന്നു. അതിനാൽ തന്നെ ഏത് വേദിയിലും ക്ലിക്കാവുന്ന, വളരെ പോസിറ്റീവായ സ്കിറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്. വി.എസിന്റെ ഫിഗർ ചെയ്യാൻ പറ്റിയ ഒരു വ്യക്തി അക്കാലത്തെ മിമിക്രി ട്രൂപ്പുകളിൽ ഒഴിച്ചുകൂടാനാവാത്ത ആളായിരുന്നു.”
2004-ൽ ഇ.കെ. നായനാർ അന്തരിച്ചതിന് ശേഷം മിമിക്രി കലാപരിപാടികളിൽ ഇടതുപക്ഷ കഥാപാത്രങ്ങളിൽ വി.എസിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഇതേ സമയം തന്നെ സി.പി.എമ്മിലെ വിഭാഗീയതയും വലിയ മാധ്യമ ചർച്ചാ വിഷയമായി. ഇത് മിമിക്രി വേദികളിലും പ്രതിഫലിച്ചു. വി.എസ്.-പിണറായി മത്സരം മിമിക്രി സ്കിറ്റുകളുടെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറി. 2000-ന് ശേഷം ഇന്നുവരെ സംസ്ഥാന സ്കൂൾ കലോത്സവ മിമിക്രി വേദികളിൽ പോലും വി.എസിന്റെ ശബ്ദം കേൾക്കാത്ത ഒരു വർഷം പോലും ഉണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു.
2010-ന് ശേഷം കേരളത്തിലെ വിനോദ പരിപാടികളുടെ ഘടനയിൽ മാറ്റങ്ങൾ വന്നു. മിമിക്രി ഗ്രൂപ്പുകൾ കുറഞ്ഞു വരികയും രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകൾ പൊതുവേദികളിൽ നിന്ന് പതുക്കെ അപ്രത്യക്ഷമാവുകയും ചെയ്തു. പ്രധാനമായും വാർത്താ ചാനലുകൾ കേന്ദ്രീകരിച്ച് വന്ന ആക്ഷേപഹാസ്യ പരിപാടികൾ ഈ രംഗം കീഴടക്കി.
എന്നാൽ ഇന്നും കോമഡി, ഉത്സവങ്ങൾ പോലുള്ള ജനപ്രിയ ഷോകളിൽ മിമിക്രിയുമായി എത്തുന്ന മിക്ക കലാകാരന്മാരും വി.എസിന്റെ ശബ്ദമോ രൂപമോ അനുകരിക്കാതെ പോകാറില്ല. ടെലിവിഷനിൽ നിറഞ്ഞു നിന്ന വി.എസ്. അങ്ങനെയാണ് സ്വീകരണമുറികളിലെ പ്രിയങ്കരനായ താരമായി മാറിയത്. കൊച്ചുകുട്ടികൾക്ക് പോലും പരിചിതനായ “അച്ചുമാമൻ” ആയി അദ്ദേഹം മാറി. പാർട്ടി വേദികളിൽ കാർക്കശ്യത്തോടെ നിലകൊണ്ട വി.എസിനെ മധ്യവർഗ്ഗ കുടുംബങ്ങളുടെ പ്രിയങ്കരനാക്കി മാറ്റുന്നതിൽ മിമിക്രി വലിയ പങ്കുവഹിച്ചു.
മുൻപ് കെ.ബി. ഗണേഷ് കുമാർ പറഞ്ഞതുപോലെ, മിമിക്രി കലാകാരന്മാർ ആവർത്തിച്ച് അനുകരിച്ചതുകൊണ്ട് മാത്രം വളർന്നുവന്ന രാഷ്ട്രീയക്കാരനാണ് വി.എസ്. എന്ന് ചരിത്രം അറിയുന്നവർ പറയില്ല. എങ്കിലും, കേരളത്തിലെ മിമിക്രിയുടെ വളർച്ചയിലും ജനപ്രീതിയിലും വി.എസ്. അച്യുതാനന്ദൻ ഒരു പ്രധാന സ്വാധീനം ചെലുത്തി എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
content highlight: Comrade VS