ഉപരാഷ്ട്രപതി പദവിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ജഗദീപ് ധൻകറിന്റെ സംഭാവനകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെ എന്നും മോദി കുറിച്ചു.
അതേസമയം ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റ് അംഗങ്ങൾക്കും നന്ദി പറഞ്ഞു.