അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാന്ദന്റെ ഭൗതിക ശരീരം ജന്മനാട്ടിലേക്ക് തിരിച്ചു. ദർബാർ ഹാളിലെ പൊതുദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് വിലാപയാത്രയോടെ ആലപ്പുഴയിലേക്ക് തിരിച്ചത്. മഴ പോലും വകവെയ്ക്കാതെ ആയിരങ്ങളായിരുന്നു അതിരാവിലെ തന്നെ ദർബാർ ഹാളിലെത്തിയത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ രാവിലെ തന്നെ ഹാളിലെത്തിയിരുന്നു. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും.
അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ബസിന് ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
വിഎസിന്റെ ഭൗതികദേഹം ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ട്. ഇന്നു രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.