Travel

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

സഞ്ചാരികളുടെ ഇഷ്ടനഗരമാണ് ഇറ്റലി. വെനീസ്, ഫ്ലോറൻസ്, അമാൽഫി കോസ്റ്റ് തുടങ്ങിയ റൊമാന്റിക് സ്ഥലങ്ങൾ ഇറ്റലിയുടെ മാത്രം പ്രത്യേകതയാണ്. സാംസ്കാരിക അനുഭവങ്ങൾ, ചരിത്ര സ്ഥലങ്ങൾ, പ്രകൃതി സൗന്ദര്യം എന്നിവയുടെ മിശ്രിതം ഇവിടെ കാണാം.

നിങ്ങള്‍ക്ക് ഇഷ്ടമാവുന്ന രീതിയില്‍ ഫ്‌ളോറന്‍സ് നഗരത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ചില സ്ലോ ട്രാവല്‍ ടിപ്പുകള്‍ കൂടി നോക്കാം. സൂര്യന്‍ ഉദിക്കട്ടെ, തിരക്കു വേണ്ട – സാവധാനം യാത്ര ചെയ്ത് ആസ്വദിക്കാനാണ് പദ്ധതിയെങ്കില്‍ രാവിലത്തെ അലാം ഒഴിവാക്കണം. സൂര്യന്‍ ഉദിച്ചുയരട്ടെ, അതിനു ശേഷം പതിയെ ഫ്‌ളോറന്‍സ് നഗരം തന്നെ നിങ്ങളെ വിളിച്ചുണര്‍ത്തും. കാപ്പിയും കുടിച്ച് ഒരു തിരക്കുമില്ലാതെ ബാല്‍ക്കണിയിലോ പുറത്തോ പോയിരിക്കുക.

നാട്ടുകാര്‍ക്കിടയില്‍ താമസം- വലിയ ഹോട്ടലുകളില്‍ ബുക്കു ചെയ്യാതെ അധികം പ്രസിദ്ധമല്ലാത്ത ഒള്‍ട്രാര്‍നോ പോലുള്ള ഫ്‌ളോറന്‍സിലെ പ്രദേശങ്ങളില്‍ താമസിക്കാന്‍ ശ്രമിക്കുക. കരകൗശല കടകളാലും കുടുംബങ്ങള്‍ നടത്തുന്ന കഫേകളാലും നിശബ്ദമായ തെരുവുകളാലും സമ്പന്നമാണ് ഇവിടം. ഒരു ഗസ്റ്റ് ഹൗസോ നാട്ടുകാര്‍ നടത്തുന്ന എയര്‍ബിഎന്‍ബിയോ താമസത്തിന് തിരഞ്ഞെടുക്കുക. ഫ്‌ളോറന്‍സിനെ കൂടുതലറിയാന്‍ സഹായിക്കും.

ഭക്ഷണം ആസ്വദിച്ച് കഴിക്കാം- ഫ്‌ളോറന്‍സിലേക്കു വരുന്നവര്‍ ഭക്ഷണ നിയന്ത്രണങ്ങളുമായി എത്തരുത്. ക്രീമി പാസ്തയും ബട്ടര്‍ നിറഞ്ഞ ക്രോയിസന്റ്‌സും ബുറാട്ട സലാഡുകളുമെല്ലാം വ്യത്യസ്ത രുചികള്‍ നല്‍കും. സമയമെടുത്ത് സാവധാനം കഴിക്കാനും മറക്കരുത്. വൈന്‍ രുചിക്കാനായി മാത്രം ഒരു വൈകുന്നേരം മാറ്റിവച്ചാലും നഷ്ടമാവില്ല.

ഇറ്റാലിയന്‍ കലാ പാരമ്പര്യം- ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇറ്റാലിയന്‍ കലകളെ കണ്ട് ആസ്വദിക്കാന്‍ ശ്രമിക്കണമെന്നത്. പരമ്പരാഗത മ്യൂസിയങ്ങളേക്കാള്‍ തിരക്കു കുറഞ്ഞ മ്യൂസിയോ ബാര്‍ഡിനിയും ബ്രാന്‍കാസി ചാപ്പലുമൊക്കെ സന്ദര്‍ശിക്കാന്‍ ശ്രമിക്കാം. ബോട്ടിസെല്ലിയുടേയും മൈക്കലാഞ്ചലോയുടേയും ലിയനാര്‍ഡോ ഡാവിഞ്ചിയുടേയും മാസ്റ്റര്‍പീസുകളാല്‍ സമ്പന്നമാണ് ഉഫിസി ഗാലറി. നവോത്ഥാന കാലത്തെ ശില്‍പചാരുത അടുത്തറിയാന്‍ ബാര്‍ഗെല്ലോ നാഷണല്‍ മ്യൂസിയം തിരഞ്ഞെടുക്കാം.

പ്രകൃതിയെ അറിയാം – ഫ്‌ളോറന്‍സ് കെട്ടിടങ്ങളും മ്യൂസിയവും മാത്രമല്ല. പ്രകൃതി സൗന്ദര്യവും ഫ്‌ളോറന്‍സില്‍ ആവോളം ആസ്വദിക്കാം. ബാര്‍ഡിനി ഗാര്‍ഡന്‍ സന്ദര്‍ശിക്കാം. അര്‍നോ നദിയില്‍ അസ്തമയം ആസ്വദിക്കാം. യാത്രയിലെ എല്ലാ കാര്യങ്ങള്‍ക്കും ആവശ്യത്തിന് സമയം അനുവദിക്കുക. എന്തെങ്കിലും കാര്യം നടക്കാതെ പോയാലും സമ്മര്‍ദത്തിലാവാതിരിക്കാന്‍ കൂടി ശ്രമിച്ചാല്‍ യാത്രകള്‍ കൂടുതല്‍ മനോഹരമാവും.

എങ്ങനെ ഇറ്റലിക്കുപോവാം?

ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്കു പോവാന്‍ ഷെംഗന്‍ വീസ ആവശ്യമാണ്. കുറഞ്ഞ കാലത്തേക്ക് മാത്രം താമസം അനുവദിക്കുന്ന ടൈപ്പ് സി വീസ മതിയാവും. ഇതു പ്രകാരം 90 മുതല്‍ 180 ദിവസം വരെയാണ് ഇറ്റലിയില്‍ താമസിക്കാനാവുക. അതിനായി അടിസ്ഥാനപരമായി ആവശ്യമുള്ള കാര്യങ്ങള്‍ നോക്കാം.

തിരിച്ചുവരുന്ന തീയതിക്കു ശേഷം മൂന്നു മാസം വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, പൂരിപ്പിച്ച വീസ അപ്ലിക്കേഷന്‍ ഫോം, താമസ, യാത്രാ ടിക്കറ്റ് രേഖകളും 30,000 പൗണ്ട് വരെ കവറേജുള്ള ട്രാവല്‍ ഇന്‍ഷൂറന്‍സ്, ബാങ്ക് സ്റ്റേറ്റ്‌മെന്റും വരുമാന രേഖകൾ എന്നിവയെല്ലാം ആവശ്യമാണ്. വിഎഫ്എസ് ഗ്ലോബല്‍ വഴി അപേക്ഷിക്കാം. മാസങ്ങള്‍ക്കു മുൻപ് തന്നെയാത്രക്കായുള്ള തയ്യാറെടുപ്പുകളും ആസൂത്രണങ്ങളും വേണ്ടി വരും. വീസ പ്രോസസിങിന് സാധാരണ 15-20 പ്രവൃത്തി ദിനങ്ങള്‍ ആവശ്യമാണ്.

∙ എപ്പോഴാണ് നല്ല സമയം

ഫ്‌ളോറന്‍സ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുമാണ്. നല്ല കാലാവസ്ഥയും പൊതുവില്‍ തിരക്കു കുറഞ്ഞ അന്തരീക്ഷവും കൂടുതല്‍ സമാധാനവും ഈ സമയത്ത് ലഭിച്ചേക്കാം. ഇതില്‍ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് ചൂട് കൂടുതലാവാനുള്ള സാധ്യതയുമുണ്ട്. ഓഫ് സീസണ്‍ താല്‍പര്യമുള്ളവര്‍ക്ക് തണുപ്പുകാലം തെരഞ്ഞെടുക്കാം.

ചെലവ്

ഇന്ത്യയില്‍ നിന്നും ഇറ്റലിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനായി 55,000 മുതല്‍ 70,000 രൂപ വരെയാണ് വരുക. ഫ്‌ളോറന്‍സിലേക്ക് ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാനസര്‍വീസുണ്ടെങ്കിലും റോം, മിലാന്‍, വെനീസ് എന്നിങ്ങനെയുള്ള ഇറ്റാലിയന്‍ വഴിയുള്ള യാത്രയും തിരഞ്ഞെടുക്കാം. ഇവിടെ നിന്നും ഫ്‌ളോറന്‍സിലേക്ക് ഒന്നര മുതല്‍ രണ്ട് മണിക്കൂര്‍ വരെ മാത്രമാണ് ഹൈ സ്പീഡ് ട്രെയിന്‍ യാത്രക്ക് എടുക്കുക.

ഷെംഗന്‍ വീസയ്ക്കും ട്രാവല്‍ ഇന്‍ഷൂറന്‍സിനും 9,000 രൂപ ചെലവു വരും. സാധാരണ ഗസ്റ്റ് ഹൗസുകളിലോ എയര്‍ബിഎന്‍ബിയിലോ ആണ് താമസമെങ്കില്‍ ഒരു രാത്രിക്ക് ഏകദേശം 6,000 രൂപ ചെലവാവും. അവിടുത്തെ യാത്രകള്‍ക്കും ട്രെയിന്‍ യാത്രയ്ക്കുമായി 6,000 മാറ്റിവയ്ക്കാം. ഭക്ഷണത്തിന് പ്രതിദിനം ഏകദേശം 2,500 രൂപയും മ്യൂസിയം എന്‍ട്രി ഫീയും ഷോപ്പിങിനുമൊക്കെയായി 8,000 -10,000 രൂപയും മാറ്റിവയ്ക്കുകയാണെങ്കില്‍ ഒരാള്‍ക്ക് ഏഴു ദിവസത്തെ ഫ്‌ളോറന്‍സ് യാത്രക്ക് 1.3 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് ചെലവ്.