തണുപ്പ് വീഴുന്ന മൂന്നാറിലെ തെയിലത്തോട്ടം എന്നും കേരളത്തിന്റെ പ്രധാന ആകർഷണങ്ഹളിൽ ഒന്നായിരുന്നു. ഇവിടെ ടൂറിസ്റ്റുകളെ എത്തിക്കാൻ പെടുന്ന തത്രപ്പാടിനിടയിൽ പല രാഷ്ട്രീയക്കാരും തൊഴിലാളികളുടെ പ്രശ്നങ്ങളെ , അവരുടെ കണ്ണുനീരിനെ മറക്കുകയാണ് പതിവ്. എന്നാൽ ഇതിന് അപവാദമായിരുന്നു വിഎസ് എന്ന രാഷ്ട്രീയക്കാരൻ, അതിലുപരി മനുഷ്യസ്നേഹി.
മതിയായ ശമ്പളവും ബോണസും പെന്‍ഷനുമില്ലാതെ ഇനി കൊളുന്ത് നുള്ളാനില്ലെന്ന് പ്രഖ്യാപിച്ച് തൊഴിലാളി സ്ത്രീകള്‍ സംഘടിതമായി പണിമുടക്കിയ ഒരു കാലമുണ്ടായിരുന്നു.തോട്ടങ്ങള്‍ വിട്ട്, അവര്‍ മൂന്നാര്‍ ടൗണിലേക്കിറങ്ങി.ടാറ്റയുടെയും കണ്ണന്‍ ദേവന്റെയും അധികാരച്ചുമരുകളില്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തമിഴ് മുദ്രാവാക്യങ്ങള്‍ അലയടിച്ചു. സകല എസ്റ്റേറ്റുകളില്‍ നിന്നും സ്ത്രീകള്‍ ഒഴുകി വന്നതോടെ മൂന്നാര്‍ ടൗണ്‍ ജനസാഗരമായി. കക്ഷി രാഷ്ട്രീയത്തിനനീതമായി ഒന്നുചേര്‍ന്ന ആ സമരക്കൂട്ടായ്മ പെമ്പിള ഒരുമൈ എന്നറിയപ്പട്ടു. ആ സ്ത്രീകളെ ചേർത്ത് പിടിച്ച് സമരവീര്യം പകർന്നുകൊടുത്തതും വിജയത്തിലേക്ക് നയിച്ചതും ഇന്ന് യശശരീരനായ വിഎസ് എന്ന നേതാവായിരുന്നു. സമരത്തിൽ വിഎസ് എത്തിയതും സമരക്കാർക്കൊപ്പം കുത്തിയിരുന്നതും ചരിത്ര സംഭവമായി മാറി.
അയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിൽ 2015 ഓഗസ്റ്റ് 5നാണ് മൂന്നാർ ടൗണിനു സമീപം ദേശീയപാതയിൽ കുത്തിയിരിപ്പ് സമരമാരംഭിച്ചത്. ട്രേഡ് യൂണിയനുകളെ തള്ളി ആരുടെയും പിന്തുണയില്ലാതായിരുന്നു സമരം.മ്പനികൾ വാഗ്ദാനം ചെയ്ത ബോണസും ശമ്പളവും വർധിപ്പിക്കാനായി സമരത്തിനിടയിൽ പലവട്ടം ചർച്ചകൾ നടന്നെങ്കിലും മികച്ച വർധനവ് ലഭിക്കാത്തതിനെ തുടർന്നു സമരം ആഴ്ചകളോളം തുടർന്നു.തൊഴിലാളി ചരിത്രത്തിൽ ഇടം നേടിയ സമരത്തിനിടയിൽ 2015 സെപ്റ്റംബർ 13നാണ് വിഎസ് മൂന്നാറിലെത്തിയത്.
അന്‍പാന മൂന്നാര്‍ മക്കളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചതോടെ സമരാവേശം അലയടിച്ചു.
കമ്പനികളുടെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെയും ട്രേഡ് യൂണിയനുകളുടെ വീഴ്ചകള്‍ക്കെതിരെയും വിഎസ് തുറന്നടിച്ചു. സമരമവസാനിക്കാതെ തിരിച്ചുപോകില്ലെന്നും അതുവരെ തൊഴിലാളികള്‍ക്കൊപ്പമിരിക്കുമെന്നും വിഎസ് വ്യക്തമാക്കിയതോടെ, മൂന്നാര്‍ മലകളില്‍ അവകാശ സമരത്തിന്റെ കാറ്റു വീശി. അങ്ങനെ മൂന്നാറിലെ തൊഴിലാളി സമരം വിഎസ്സിന്റെ കൂടി സമരമായി മാറി.ചുറ്റിലും നൂറുകണക്കിന് തൊഴിലാളി സ്ത്രീകള്‍. അവരുടെ മുദ്രാവാക്യങ്ങള്‍.അവർക്കിടയിൽ ഒരാളായി സഖാവും. നടുറോട്ടില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ വിഎസ് ഇരുന്നു. നിശ്ചയ ദാർഢ്യത്തോടെ , അവകാശങ്ങൾ നേടിയെടുക്കാതെ മലയിറങ്ങില്ല…
നേരമിരുട്ടിത്തുടങ്ങിയിട്ടും വിഎസ് അനങ്ങിയില്ല. ചാരനിറത്തിലുള്ള ഒരു ജാക്കറ്റും ധരിച്ച് ആ സമരവീര്യം ഇളകാതെ നിന്നു. അതോടെ അധികാരക്കസേരകള്‍ക്ക് ഇളക്കം തട്ടി. കമ്പനി അധികൃതരുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്ന് വൈകിട്ട് ശമ്പളവും ശമ്പളവും ബോണസും വർധിപ്പിച്ച പ്രഖ്യാപനമുണ്ടായി.തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. സമരം ജയിച്ചു. അതെ വിജയക്കൊടയേന്തി വിഎസ് മൂന്നാര്‍ മലയിറങ്ങി.
മണ്ണിനും മനുഷ്യനും വേണ്ടി നിലകൊണ്ട മനുഷ്യൻ മണ്ണോടലിയുകയാണ്. തീരത്ത പോരാട്ട വീര്യം പുതു തലമുറകളിലേക്കും പകരട്ടെയെന്ന് ആശിക്കാം. സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിൽ ആ പേര് ജ്വലിക്കും. സഖാവ് വിഎസ് അച്യുതാനന്ദൻ.