ഉപരാഷ്ട്രപതി പദവിയിൽ നിന്നുള്ള ജഗദീപ് ധൻകറിൻ്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് കെ സി വേണുഗോപാൽ. ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണ്. ചരിത്രത്തിൽ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ല. ഇന്നലെ വൈകീട്ട് എന്തോ ഉണ്ടായിട്ടുണ്ടെന്നും കെസി പറഞ്ഞു. അത് എന്താണെന്ന് ബോധ്യപ്പെടുന്നില്ല. ജഗ്‌ദീപ് ധൻകർ ആരുടെയും ഫോൺ എടുക്കുന്നില്ല. പാർലമെൻ്റ് സമ്മേളനത്തിനിടെ രാജി ഉണ്ടായത് അസാധാരണ നടപടിയാണ്. ഇന്ന് യോഗം വിളിച്ചതാണ്. അതിനിടെയാണ് രാജി. ഊഹാപോഹങ്ങളിലേക്ക് കടക്കുന്നില്ല, പക്ഷെ ആരോഗ്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്.അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്‌ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റംഗങ്ങൾക്കും നന്ദി പറഞ്ഞു.