ഇന്ത്യയില്‍ കൂടുതല്‍ മോഡലുകള്‍ അണിനിരത്താൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. സ്റ്റൈലൻ ഗെറ്റപ്പിലാണ് വമ്പന്മാരുടെ വരവ്. എസ്‌യുവി പ്രേമികള്‍ക്കിടയിലെ ഇഷ്ടമോഡലുകളിലൊന്നാണ് ഹാരിയര്‍, പടക്കുതിരയായിരുന്ന സിയേറയുടെ ഇവി മോഡലും ജനകീയ ടാറ്റ മോഡലായ പഞ്ചിന്റെ ഫേസ് ലിഫ്റ്റും ഒരുങ്ങുന്നുണ്ട്.
2030 ആവുമ്പോഴേക്കും 30 പുതിയ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് അണിയറയില്‍ ഒരുക്കുന്നത്. ഇതില്‍ മുഖം മിനുക്കിയെത്തുന്നവയും പുതുമുഖങ്ങളുമുണ്ട്. പരമ്പരാഗത ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനും(ഐസിഇ) വൈദ്യുത വാഹനങ്ങളുമുണ്ട്.
ടാറ്റ ഹാരിയര്‍ പെട്രോള്‍
എസ്‌യുവി പ്രേമികള്‍ക്കിടയിലെ ഇഷ്ടമോഡലുകളിലൊന്നാണ് ഹാരിയര്‍. ഇതുവരെ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ടാറ്റ ഹാരിയര്‍ പുറത്തിറക്കിയത്. അടുത്തിടെ ടാറ്റമോട്ടോഴ്‌സ് ഹാരിയര്‍ ഇവി വരെ പുറത്തിറക്കിയെങ്കിലും പെട്രോള്‍ വകഭേദം ഇന്നുവരെ എത്തിയിരുന്നില്ല. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഹാരിയറിന്റെ പെട്രോള്‍ വകഭേദം എത്തുക. 1.5ലീറ്റര്‍ ടിജിഡിഐ(ടര്‍ബോചാര്‍ജ്ഡ് ഗ്യാസോലിന്‍ ഡയറക്ട് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ് കരുത്ത്. 170 പിഎസ് കരുത്തും പരമാവധി 280എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഡീസല്‍ ഹാരിയര്‍ 170 പിഎസ് കരുത്തും 350 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന മോഡലാണ്.
2023 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ മോട്ടോഴ്‌സ് അവരുടെ 1.5 ടിജിഡിഐ പെട്രോള്‍ എന്‍ജിന്‍ ആദ്യമായി അവതരിപ്പിച്ചത്. എങ്കിലും ഈ എന്‍ജിന്‍ വിപണിയിലെത്താന്‍ പ്രതീക്ഷിച്ചതിലും വൈകി. ഈ എന്‍ജിന്റെ നാച്ചുറല്‍ അസ്പയേഡ് വകഭേദവും ടാറ്റ മോട്ടോഴ്‌സ് നിര്‍മിക്കുന്നുണ്ട്. സിയേറ അടക്കമുള്ള മോഡലുകളില്‍ ഈ എന്‍ജിന്‍ എത്തും.
സഫാരി പെട്രോള്‍
ഹാരിയര്‍ പെട്രോളിന് പിന്നാലെ 1.5 ലീറ്റര്‍ എന്‍ജിന്‍ തന്നെ ടാറ്റ സഫാരിക്കും കരുത്താകും. നിലവില്‍ 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലാണ് സെവന്‍ സീറ്റര്‍ സഫാരി എത്തുന്നത്. 170പിഎസ് കരുത്തും 350 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പെട്രോള്‍ എന്‍ജിനില്‍ സഫാരി എത്തുന്നതോടെ വിലയിലും കുറവുണ്ടാവും. ഇതോടെ കൂടുതല്‍ പേരിലേക്ക് ഈ ടാറ്റ മോഡല്‍ എത്തും.
മുഖം മിനുക്കി പഞ്ച്
ജനകീയ ടാറ്റ മോഡലായ പഞ്ചിന്റെ ഫേസ് ലിഫ്റ്റും ഒരുങ്ങുന്നുണ്ട്. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിജയിച്ച മോഡലുകളിലൊന്നാണ് പഞ്ച്. അകത്തും പുറത്തും രൂപകല്‍പനയിലും ഫീച്ചറുകളിലും മാറ്റങ്ങളോടെയാവും ടാറ്റ പഞ്ച് ഫേസ് ലിഫ്റ്റ് മോഡലിന്റെ വരവ്. ഫ്രീ സ്റ്റാന്‍ഡിങ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ടു സ്‌പോക് സ്റ്റീറിങ് വീല്‍, ഫുള്ളി ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ടച്ച് ബേസ്ഡ് HVAC കണ്‍ട്രോള്‍ എന്നിവ അടക്കമുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
സിയേറ ഇവി
ഒരുകാലത്ത് ടാറ്റ മോട്ടോഴ്‌സിന്റെ പടക്കുതിരയായിരുന്ന സിയേറയുടെ ഇവി മോഡലും ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കാം. ഇതോടെ ഐസിഇ, ഇവി പ്ലാറ്റ്‌ഫോമുകളില്‍ സിയേറ എത്തും. ആക്ടി.ഇവി ആര്‍കിടെക്ചര്‍ അടിസ്ഥാനമാക്കിയാവും സിയേറ ഇവി എത്തുക. ഈ മോഡലിന്റെ പവര്‍ട്രെയിന്‍ അടക്കമുള്ള സവിശേഷതകള്‍ ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിട്ടില്ല.
കര്‍വ് സിഎന്‍ജി
രൂപ സവിശേഷതകള്‍കൊണ്ടും പവര്‍ട്രെയിന്‍ വൈവിധ്യം കൊണ്ടും നിരവധി പേരുടെ ഇഷ്ട വാഹനമാണ് കര്‍വ്. നിലവില്‍ കര്‍വിന്റെ പെട്രോള്‍, ഡീസല്‍, ഇവി വകഭേദങ്ങള്‍ ലഭ്യമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ മള്‍ട്ടിപ്പിള്‍ ബാറ്ററി പാക്ക് ഓപ്ഷനുമായി എത്തിയ അവസാനത്തെ മോഡലുകളിലൊന്നായിരുന്നു കര്‍വിന്റേത്. കര്‍വിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സിഎന്‍ജി വകഭേദത്തിന് സാധിക്കും. 1.2 ലീറ്റര്‍ റെവോട്രോണ്‍ എന്‍ജിനായിരിക്കും സിഎന്‍ജി മോഡലിലുണ്ടാവുക. ഈ വര്‍ഷം അവസാനത്തില്‍ കര്‍വ് സിഎന്‍ജി എത്തുമെന്നാണ് കരുതപ്പെടുന്നത്.