ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരില്‍ ഒരാളാണ് ഇന്ത്യ. മൊത്തം ആവശ്യകതയുടെ സിംഹഭാഗവും (80- 85%) ഇന്ത്യ ഇറക്കുമതി വഴി നിര്‍വേറ്റുന്നു. അതിനാല്‍ തന്നെ എണ്ണയുമായി ബന്ധപ്പെട്ട് ചെറിയ പ്രതിസന്ധികള്‍ പോലും ഇന്ത്യയ്ക്ക് കനത്തതാണ്.
ആഗോള എണ്ണവിലയിലും കുറഞ്ഞ വിലയ്ക്ക് എണ്ണ വാഗ്ദാനം ചെയ്യുന്ന റഷ്യ ഇന്ത്യയുടെ പ്രധാന എണ്ണ പങ്കാളിയാകാനുള്ള കാരണവും ഇതുതന്നെ. യുക്രൈന്‍ യുദ്ധത്തിനു ശേഷം കടുത്ത ഉപരോധമാണ് യൂറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് റഷ്യ നേരിടുന്നത്. റഷ്യയുമായി കൈകൊടുക്കുന്നവര്‍ക്ക് 500% നികുതി ചുമുത്തുമെന്ന ഭീഷണിയും ട്രംപില്‍ നിന്നുണ്ട്. അതേസമയം ഇന്ത്യയുടെ എണ്ണ വിപണിയില്‍ 70,000 കോടി രൂപയുടെ നിക്ഷേപമാണ് റഷ്യന്‍ കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജി ഇന്ത്യന്‍ വിപണികളില്‍ സ്വാധീനം നേടികൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ക്കും മറ്റുമായി ഇന്ത്യയില്‍ 70,000 കോടി രൂപയുടെ പ്രധാന നിക്ഷേപമാണ് റഷ്യന്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളെ കമ്പനി ശക്തമായി വിമര്‍ശിക്കുകയും, ഇവ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും പറയുന്നു. ഇക്കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്കു മേല്‍ 18-ാം റൗണ്ട് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എണ്ണ, മറ്റ് കയറ്റുമതികള്‍ എന്നിവയില്‍ നിന്നു റഷ്യ നേടുന്ന വരുമാനം കുറയ്ക്കുക എന്നതാണ് ഈ ഉപരോധങ്ങളുടെ പ്രധാന ലക്ഷ്യം. ഈ റൗണ്ടില്‍ നയാര എനര്‍ജിയും തിരിച്ചടി നേരിടുന്നു.
അതേസമയം പല യൂറോപ്യന്‍ രാജ്യങ്ങളും വിവിധ മാര്‍ഗങ്ങള്‍ വഴി റഷ്യന്‍ ഊര്‍ജ്ജത്തിന്റെ ഇറക്കുമതി തുടരുന്നു. ഇന്ത്യയും കഴിഞ്ഞ മാസങ്ങളില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു. ഇതിനു പ്രധാന കാരണം ഇറാന്‍- ഇസ്രായേല്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളായിരുന്നു. റഷ്യന്‍ എണ്ണ മാത്രം സംസ്‌കരിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയെ യൂറോപ്യന്‍ യൂണിയന്‍ ശിക്ഷിക്കുന്നുവെന്നാണ് നയാരയുടെ വാദം. നേരത്തേ എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനര്‍ജിയില്‍ റഷ്യയുടെ റോസ്നെഫ്റ്റിന് 49.13 ശതമാനം ഓഹരികളുണ്ട്.
ഇന്ത്യ എന്ന വമ്പന്‍ വിപണിയെ എന്തയാലും റഷ്യ കൈവിടില്ലെന്ന് ഉറപ്പാണ്. രാജ്യത്തിന്റെ ഇന്ധന- ഊര്‍ജ്ജ ആവശ്യകത വര്‍ധിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇതു മുന്നില്‍ കണ്ടാണ് റഷ്യന്‍ കമ്പനിയുടെ ഇന്ത്യന്‍ ഇടപെടലുകള്‍. ഗുജറാത്തിലെ വാഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണ ശേഷിയുള്ള ഒരു വലിയ എണ്ണ ശുദ്ധീകരണശാല നയാര എനര്‍ജി നടത്തുന്നുണ്ട്. കൂടാതെ രാജ്യത്തുടനീളം 6,750 -ലധികം പെട്രോള്‍ പമ്പുകളും നടത്തുന്നുമുണ്ട്.