മുതിർന്ന ബോളിവുഡ് നടനും സിനിമാ സംവിധായകനും നിർമാതാവുമായ രാകേഷ് റോഷൻ തന്റെ പതിവ് ചെക്കപ്പിനിടെ തന്റെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചു. കൃത്യസമയത്ത് രോഗം കണ്ടെത്തിയതിനാൽ വലിയ ദുരന്തം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു.
ഹൃത്വിക് റോഷന്റെ പിതാവ് കൂടിയായ രാകേഷ് റോഷൻ തന്റെ റെഗുലർ ചെക്കപ്പിനിടയിലാണ് രോഗാവസ്ഥയെപ്പറ്റി അറിയുന്നത്. ”എന്റെ കണ്ണു തുറപ്പിച്ച ഒരു ആഴ്ചയാണ് ഈ കടന്നു പോയത്. സാധാരണ നടത്തിവരാറുള്ള റെഗുലർ ചെക്കപ്പിനിടയിലാണ്, ഹൃദയത്തിന്റെ സോണോഗ്രഫി നടത്തിയ ഡോക്ടർ കഴുത്തിന്റെ പരിശോധന കൂടി നടത്താൻ നിർദേശിക്കുന്നത്. ആ പരിശോധയിലാണ് ഞങ്ങൾ മനസ്സിലാക്കുന്നത്, പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രണ്ട് കരോട്ടിഡ് ആർട്ടറികളും 75 ശതമാനത്തിലധികം ബ്ലോക്ക് ആയിരിക്കുകയാണ്.
ഒട്ടും വൈകാതെ ആശുപത്രിയിൽ അഡ്മിറ്റ് ആയി, വേണ്ട പ്രതിരോധ ചികിത്സകൾക്ക് വിധേയനായി. പൂർണമായും ഭേദമായതോടെ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്റെ വ്യായാമങ്ങൾ വൈകാതെ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സ്വന്തം ആരോഗ്യത്തെ ശ്രദ്ധിക്കാനും തലച്ചോറിന്റയും കഴുത്തിന്റെയും കാര്യത്തിൽ ശ്രദ്ധിക്കാനും ഇതി നിങ്ങൾക്ക് പ്രചോദനമാകുമെന്ന് കരുതുന്നു. ഹൃദയത്തിന് CT സ്കാൻ, കഴുത്തിലെ കാറോട്ടിഡ് ആർട്ടറിയുടെ സോനോഗ്രാഫി, ഈ രണ്ട് പരിശോധനകളും 45-50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നിർബന്ധമായും നടത്തേണ്ടവയാണ്.” – സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു.
പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലതെന്ന് ഓർമിപ്പിച്ചുകൊണ്ട് ഡോക്ടറിനും ആശുപത്രിജീവനക്കാർക്കുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു രാകേഷ് റോഷൻ.