നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒരു വസ്തുവാണ് പനീർ. സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണിത്. റെസ്റ്റോറന്റ് സ്റ്റൈൽ പനീർ ബട്ടർ മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.
ചേരുവകൾ
- പനീര്‍ – 200 ഗ്രാം
- തക്കാളി – 2 എണ്ണം
- പച്ചമുളക് – 2 എണ്ണം
- സവാള – അര കപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍ പൊടി – ആവശ്യത്തിന്
- കറിവേപ്പില – 1 തണ്ട്
- മല്ലിയില – ആവശ്യത്തിന്
- വെണ്ണ – 6 ടേബിള്‍ സ്പൂണ്‍
- തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്
- ഇളം ചൂട് വെള്ളം – ആവശ്യത്തിന്
- മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി – അര ടീസ്പൂണ്‍
- മുളക് പൊടി – അര ടീസ്പൂണ്‍
- ഗരം മസാല – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ അല്പം വെണ്ണ ചൂടാക്കിയ ശേഷം മുറിച്ചുവെച്ചിരിക്കുന്ന പനീര്‍ ഇട്ടുകൊടുക്കണം. ഇവ ഇളം ബ്രൗണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി വറുത്ത പനീര്‍ കോരി മാറ്റി വെയ്ക്കുക. ശേഷം അല്പം വെണ്ണകൂടി പാനിലേയ്ക്ക് ചേര്‍ത്ത ശേഷം അതിലേക്ക് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ മൂപ്പിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ശേഷം എല്ലാ മസാല പൊടികളും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി വറുത്ത പനീര്‍ കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കണം. ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക. അതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിച്ചെടുക്കുക. പിന്നീട് മല്ലിയില ഇട്ട് വിളമ്പാം.
STORY HIGHLIGHT : paneer butter masala