Kerala

വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും | Vipanchika’s body to be brought home today

ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതില്‍ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്

യുഎഇയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിച്ചിരുന്നു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതില്‍ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.

വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായി. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കി.അതില്‍നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ പറഞ്ഞത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.

STORY HIGHLIGHT :  Vipanchika’s body to be brought home today