തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴ കേന്ദ്രികരിച്ച് നീങ്ങുകയാണ്. പുലര്‍ച്ചെ നാല് മണിക്കും കൊല്ലം ജില്ല കടക്കാൻ വിലാപയാത്രയ്ക്ക് സാധിച്ചില്ല. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് അഭൂതപൂര്‍വമായ ആൾക്കൂട്ടമാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്. വി.എസ്സിന്റെ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടത് പത്ത് മണിക്കൂർ എടുത്താണ്.
കൊല്ലം ജില്ലയിൽ ഏതാനും കേന്ദ്രങ്ങളിൽ കൂടി പൊതുദര്‍ശനത്തിന് അവസരമൊരുക്കി വിലാപയാത്ര വിഎസിന്റെ സ്വന്തം മണ്ണായ ആലപ്പുഴ ജില്ലയിലേക്ക്കടക്കും. വൈകുന്നേരം ഏഴ് മണിമുതൽ വിഎസിനെ ഒരു നോക്ക് കാണാൻകാത്തിരിക്കുകയാണ് ജനക്കൂട്ടം.
ഇന്നലെ രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.