സഖാക്കളുടെ സഖാവ് വി.എസ്. ഇന്ന് മണ്ണിലേക്ക് മടങ്ങും. വലിയ ചുടുക്കാട്ടിൽ അനശ്വര രക്തസാക്ഷികൾക്കൊപ്പം സഖാവ് അന്ത്യനിദ്രകൊള്ളും. കാരിരുമ്പിന്റെ കരുത്തിൽ വിവാദ വിഷയങ്ങളെ ഉൾപ്പടെ സമീപിച്ച വിഎസിനെ ഉലച്ചു കളഞ്ഞത് ഒരു മരണമാണ്. 1945-50 കാലത്ത് വി എസിന്റെ സന്തതസഹചാരിയായി ഒപ്പമുണ്ടായിരുന്ന മംഗലപ്പള്ളി ജോസഫിന്റെ മരണമായിരുന്നു അത്. ജോസഫിനേയും കുടുംബത്തേയും വി എസിന് അങ്ങനെയങ്ങ് മറക്കാന്‍ കഴിയുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ആ മരണം വി എസിന്റെ മനസില്‍ ആഴത്തിലൊരു മുറിവുണ്ടാക്കി.
വി എസ് പ്രതിപക്ഷ നേതാവായിരുന്ന 2005 കാലത്താണ് മംഗലപ്പള്ളി ജോസഫിന്റെ മരണം. ആ സമയം നിയമസഭയില്‍ പാമൊലിന്‍ കേസ് കത്തിപ്പടരുന്ന സമയമാണ്. അന്ന് തിരുവനന്തപുരത്തെ വി എസിന്റെ ഓഫീല്‍ നിന്ന് സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഒരു കോള്‍ വന്നു. വിളിക്കുന്നത് വി എസാണ്. പറയുന്നത് ഇതാണ്, ‘മംഗലപ്പള്ളി ജോസഫ് മരിച്ചു, ഞാന്‍ അങ്ങോട്ട് വരികയാണ്’.
ജില്ലാ കമ്മിറ്റി ഓഫീസിലുള്ളവര്‍ക്കോ വി എസിന് ഒപ്പമുണ്ടായിരുന്നവര്‍ക്കോ മംഗലപ്പള്ളി ജോസഫ് ആരാണെന്ന് മനസിലായിരുന്നില്ല. അങ്ങനെയൊരാളെ അവര്‍ മുന്‍പ് കേട്ടിരുന്നില്ല. അങ്ങനെ വി എസ് ജോസഫിന്റെ വീട്ടിലെത്തുന്നു. അവിടെ വി എസിനെ സ്വീകരിച്ചത് ഒരു വയോധികയായിരുന്നു. അവർ വി എസിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് വിതുമ്പി. ആ വയോധികയുടെ കരച്ചിലില്‍ ഉലഞ്ഞുനിന്ന വി എസിനെ ഒപ്പമുണ്ടായിരുന്നവര്‍ പിന്നീടൊരിക്കലും മറന്നിട്ടില്ല. കാരണം അങ്ങനെ ഒരു വി എസ് അവരുടെ സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്നില്ല എന്നതുതന്നെ.
വി എസിനെ അത്രമാത്രം തളര്‍ത്തിയ മംഗലപ്പള്ളി ജോസഫ് ആരാണെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയണമായിരുന്നു. അവര്‍ മടിച്ചു മടിച്ചാണെങ്കിലും വി എസിനോട് അക്കാര്യം ചോദിച്ചു. അതിന് വി എസ് പറഞ്ഞ മറുപടിയിങ്ങനെ, ‘കുട്ടനാട്ടില്‍ കര്‍ഷകരെ സംഘടിപ്പിക്കാന്‍ ജന്മികളുടെ ഭീഷണി വകവെയ്ക്കാതെ എനിക്കൊപ്പം വന്നയാളാണ് മംഗലപ്പള്ളി ജോസഫ്. അന്ന് എനിക്ക് ഒരുപാട് തവണ കഞ്ഞിവിളമ്പിയ കൈകളാണ് മുന്‍പ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത്’, പ്രവര്‍ത്തകര്‍ കേട്ടിരുന്നു. വി എസിന് അങ്ങനെ മറക്കാന്‍ കഴിയുന്ന ആളായിരുന്നില്ല മംഗലപ്പള്ളി ജോസഫ്. രോഗശയ്യയിലാകുന്ന നാള്‍വരെ മംഗലപ്പള്ളിയുടെ കുടുംബത്തെ വി എസ് ചേര്‍ത്തുപിടിച്ചു.
content highlight: comrade VS