പുന്നപ്രയുടെ സമരനായകൻ വിഎസ് അച്യുതാനന്ദനായി വലിയ ചുടുകാട് ഒരുങ്ങി. നേതാവിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.പുന്നപ്ര- വയലാർ രക്തസാക്ഷികളുടെ ഓർമകൾ തളംകെട്ടി നിൽക്കുന്ന മണ്ണിലാണ് വിപ്ലവനായകന് അന്ത്യ വിശ്രമം.ആറു വർഷം മുമ്പ് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിൽ ദീപശിഖ കൈമാറാനായിരുന്നു വിഎസ് അവസാനമായി വലിയ ചുടുകാട് എത്തിയത്. എന്നാൽ ഇത്തവണയെത്തുന്നത് മടക്കമില്ലാത്ത യാത്രയ്ക്കാണ്. വിഎസിന് ഏറെ വൈകാരിക ബന്ധമുള്ള ഈ മണ്ണിൽ കൃഷ്‌ണ പിള്ള മുതൽ ഗൗരിയമ്മ വരെയുള്ള അനേകം പ്രമുഖ സഖാക്കൾക്ക് ഒപ്പമാണ് അന്ത്യവിശ്രമം കൊള്ളുക.
എത്രയോ തവണ രക്തസാക്ഷി സ്‌മരണയിൽ വി എസ് മുഷ്‌ടി ചുരുട്ടി മുദ്രവാക്യം വിളിച്ച അതേ മണ്ണിൽ പതിനായിരങ്ങളുടെ മുദ്രാവാക്യം വിളികൾക്ക് ഇടയിലാണ് വി എസ് ശാശ്വതമായി ഉറങ്ങുക. വിഎസ് കൂടി എത്തുന്നതോടെ വലിയ ചുടുകാടിൻ്റെ വിപ്ലവശോഭയേറുകയാണ്. സി പി എം പ്രവർത്തകരുടെയും വി എസിനെ സ്നേഹിക്കുന്നവരുടെയും വലിയ ചുടുകാടിലേക്കുള്ള ഒഴുക്ക് തുടർന്ന് കൊണ്ടേയിരിക്കും.അതേസമയം വി.എസ്.അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.