ജപ്പാനുമായി അമേരിക്ക ഒരു പുതിയ വ്യാപാര കരാറിന് അന്തിമരൂപം നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു, ഇതിനെ “ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും വലിയ കരാർ” ആയിരിക്കാവുന്ന ഒരു “വലിയ കരാർ” എന്ന് വിശേഷിപ്പിച്ചു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനം നടത്തി, റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുമായുള്ള വൈറ്റ് ഹൗസ് പരിപാടിയിൽ അവകാശവാദം ആവർത്തിക്കുകയും ചെയ്തു.
“ജപ്പാനുമായി ഞങ്ങൾ ഒരു വലിയ കരാർ പൂർത്തിയാക്കി, ഒരുപക്ഷേ ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും വലിയ കരാർ. എന്റെ നിർദ്ദേശപ്രകാരം ജപ്പാൻ 550 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കും, ലാഭത്തിന്റെ 90% അമേരിക്കയ്ക്ക് ലഭിക്കും,” ട്രംപ് പറഞ്ഞു, എന്നാൽ ആ കണക്ക് എങ്ങനെ നിർണ്ണയിക്കുമെന്നോ അതിൽ എന്ത് ഉൾപ്പെടുന്നുണ്ടെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
കരാർ പ്രകാരം, ജാപ്പനീസ് ഇറക്കുമതിക്ക് യുഎസ് 15% പരസ്പര തീരുവ ചുമത്തും. കരാർ വഴി യുഎസിലേക്ക് 550 ബില്യൺ യുഎസ് ഡോളർ ജാപ്പനീസ് നിക്ഷേപം കൊണ്ടുവരുമെന്ന് ട്രംപ് അവകാശപ്പെട്ടു, എന്നിരുന്നാലും നിബന്ധനകൾ വിശദീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അലാസ്കയിൽ നിന്ന് ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യാൻ ജപ്പാനുമായി പ്രത്യേക കരാർ ഒപ്പുവക്കുമെന്ന് റിപ്പബ്ലിക്കൻ പ്രതിനിധികളെ വൈറ്റ് ഹൗസിൽ അഭിസംബോധന ചെയ്യവേ ട്രംപ് പറഞ്ഞു. വാർത്തയെത്തുടർന്ന് ടോക്യോ വിപണിയിലെ വ്യാപാരത്തുടക്കത്തിൽ യെൻ മൂല്യത്തിൽ ചാഞ്ചാട്ടം ഉണ്ടായി, ജാപ്പനീസ് ഓഹരികളും യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഉയർന്നു. ഫിലിപ്പീൻസുമായി ഒരു കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ജപ്പാനുമായുള്ള കരാർ വരുന്നത്. യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളുമായി കരാർ ചർച്ചകൾ തുടരുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ വാഹന വ്യാപാരമായിരുന്നു പ്രതിസന്ധി. യുഎസ് ഫെഡറൽ മോട്ടോർ വാഹന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച കാറുകൾ ഇറക്കുമതി ചെയ്യുകയെന്ന വ്യവസ്ഥ സ്വീകരിക്കാൻ ജപ്പാനെയും മറ്റ് രാജ്യങ്ങളെയും നിർബന്ധിക്കുന്നതിലൂടെ യുഎസ് സമ്മർദ്ദത്തിലാക്കുന്നുവെന്ന് വിമർശനമുണ്ട്. ഓട്ടോകൾക്കും ഓട്ടോ പാർട്‌സുകൾക്കും നിലവിലുള്ള ട്രംപിന്റെ 25% ലെവികളിൽ നിന്ന് ഇളവുകൾ നൽകണമെന്ന് ജപ്പാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ആവശ്യപ്പെടുന്നു.
ജപ്പാൻ ആസ്ഥാനമായുള്ള കാർ കമ്പനികൾ അമേരിക്കയിലെ നിക്ഷേപത്തിന് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സൗത്ത് കരോലിനയിലെ പുതിയ പ്ലാന്റിൽ ഇസുസു മോട്ടോഴ്‌സ് ലിമിറ്റഡിന്റെ 280 മില്യൺ ഡോളർ നിക്ഷേപം, ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ടൊയോട്ട മോട്ടോർ കോർപ്പിന്റെ 88 മില്യൺ ഡോളർ നിക്ഷേപ വാഗ്ദാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദേശ ഉൽപ്പാദനം യുഎസിലേക്ക് കൊണ്ടുവരാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി, അമേരിക്കൻ സൗകര്യങ്ങളിൽ കാറുകൾ അസംബിൾ ചെയ്യുന്ന ഓട്ടോ കമ്പനികൾക്ക് താരിഫ് ഇളവ് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എട്ട് റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് കരാറിലെത്താനായത്. ഒസാക്കയിൽ നടന്ന വേൾഡ് എക്സ്പോയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തെ നയിക്കാൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ജപ്പാനിലെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് കരാറിന് അന്തിമരൂപമായത്.