Entertainment

‘അയാള്‍ ഒന്നിന്റെയും അവസാനത്തെ കണ്ണിയല്ല,നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകം’; കുറിപ്പുമായി ഹരീഷ് പേരടി

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടന്‍ ഹരീഷ് പേരടി. അച്യുതാനന്ദന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റല്ലെന്നും നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം…..

‘അതെ, അയാള്‍ ഒന്നിന്റെയും അവസാനത്തെ കണ്ണിയല്ല. മറിച്ച് തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാ ശീലങ്ങളെയും തച്ച് തകര്‍ത്ത് പുതിയതിനെ പ്രതിഷ്ഠിക്കാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന തുടക്കത്തിന്റെ നേതാവായിരുന്നു. അതുകൊണ്ട് അയാള്‍ അവസാനത്തെ കമ്മ്യൂണിസ്റ്റല്ല …മറിച്ച് വര്‍ത്തമാനകാലത്തെ ജനകീയ സമരങ്ങളെ ഫാസിസ്റ്റ് മൂരാച്ചി മനോഭാവത്തോടെ തള്ളികളയാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ്. അയാള്‍ അവസാനത്തെ മനുഷ്യനല്ല..മറിച്ച് മനുഷ്യത്വം വിളമ്പാന്‍ ഇറങ്ങുന്നതിനുമുമ്പ് നമ്മുടെ കൈയ്യിലെ രക്തകറയുടെ മാലിന്യം കഴുകി കഴുകി കളയേണ്ട ശുദ്ധജലമാണ്. എങ്ങിനെയാണ് സ്വയം നവീകരിക്കപ്പെടേണ്ടത് എന്ന് നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്ന ഒരു സമയ ഗോപുരമാണ്…അങ്ങനെയാണയാള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണായത്…അവരുടെ കാഴ്ചപ്പാടുകളുടെ അകകാമ്പായ കരളായത്…ലാല്‍സലാം സഖാവേ’.

തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല.