ജഗദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ഭരണഘടനാ പദവിയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്ഥാനമാണ് ഉപരാഷ്ട്രപതി പദവി. ഈ പദവിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാനും കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്.
സര്‍ക്കാരിനുവേണ്ടി ഒരു മുതിര്‍ന്ന മന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടതായി ചില കോണുകളില്‍ നിന്നും വിവരങ്ങള്‍ പുറത്തുവരുന്നു. സ്ഥാനാര്‍ത്ഥിത്വ സമയത്ത് ജഗദീപ് ധന്‍ഖറിനെ ‘കര്‍ഷക പുത്രന്‍’ എന്നാണ് പ്രധാനമന്ത്രി ആവേശത്തോടെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജിക്ക് ശേഷമുള്ള നിഗൂഢതയും വൈകിയ പ്രസ്താവനയും ഗൂഢാലോചനയും ദുരൂഹതയും വര്‍ദ്ധിപ്പിക്കുന്നു.
സര്‍ക്കാര്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടര്‍ന്നാല്‍, ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ബഹുമാനപ്പെട്ട ജഗദീപ് ധന്‍ഖര്‍ തന്നെ മൗനം വെടിയുന്നതാണ് ഉചിതം. പല വിഷയങ്ങളിലും മുന്‍ ഉപരാഷ്ട്രപതിയോട് പ്രതിപക്ഷം വിയോജിച്ചെങ്കിലും, ബി ജെ പി സര്‍ക്കാര്‍ ഈ ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ട്വിറ്ററില്‍ കുറിച്ചു.