വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി സംസാരിച്ചവർക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്ന് തലാലിന്റെ സഹോദരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഞങ്ങളുടെ സുഹൃത്തെന്നോ ബന്ധുക്കളെന്നോ അവകാശപ്പെട്ട് ആരെങ്കിലും നേരിട്ടോ അല്ലാതെയോ കാന്തപുരത്തിനെ സമീപിക്കുകയാണെങ്കിൽ, അത് തങ്ങളുടെ അറിവോടെ അല്ലെന്നും അവരുമായി തങ്ങൾക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് അവസാന നിമിഷം നീട്ടിവച്ചിരുന്നു. യെമനിലെ കോടതിയാണ് വധശിക്ഷ നീട്ടിവെയ്ക്കാനുള്ള നിർദേശം നൽകിയത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയതിരുന്നു.