Kerala

കണ്ണേ കരളേ വി.എസ്സേ!! തലസ്ഥാനത്ത് നിന്നും ആലപ്പുഴ വരെ വിലാപയാത്ര എത്താനെടുത്തത് 23 മണിക്കൂർ; സമരസൂര്യൻ അസ്തമിക്കാനൊരുങ്ങുമ്പോൾ വീണ്ടും മുഴങ്ങി..ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ | Comrade VS

ഇന്നലെ രണ്ടുമണിയോടെ തിരുവനന്തപുരത്തെ ദർബാർ ഹാളിൽ നിന്നും വിലാപയാത്ര തുടങ്ങിയപ്പോൾ ആരും കരുതിയില്ല ഇങ്ങനെ ഒരു ജനസാഗരം

തൊണ്ടപൊട്ടുമാറുച്ഛത്തിൽ ഒരു നാട് ഒന്നാകെ ഒരേ സ്വരത്തിൽ ഏറ്റുവിളിച്ചു… ‘കണ്ണേ കരളേ വി എസ്സേ… ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…’. വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ എല്ലാം തന്നെ വിപ്ലവ സൂര്യനെ കാണാൻ, അന്ത്യാഭിവാദ്യം അർപ്പിക്കാൻ അണമുറിയാത്ത ജനപ്രവാഹമായിരുന്നു.രാത്രി ഏറെ വൈകിയും റോഡ് സൈഡിൽ തങ്ങളുടെ പ്രിയ സഖാവിനെ ഒരുനോക്ക് കാണാൻ മണിക്കൂറുകളോളം ജനങ്ങൾ കാത്തുനിന്നു.

ഇന്നലെ രണ്ടുമണിയോടെ തിരുവനന്തപുരത്തെ ദർബാർ ഹാളിൽ നിന്നും വിലാപയാത്ര തുടങ്ങിയപ്പോൾ ആരും കരുതിയില്ല ഇങ്ങനെ ഒരു ജനസാഗരം. തിരുവനന്തപുരം ടൗണിൽ നിന്ന് കഴക്കൂട്ടത്തേക്ക് വിലാപയാത്ര എത്താൻ എടുത്തത് നാല് മണിക്കൂറോളം. പാളയം മുതൽ ആലപ്പുഴയിലെ വേലിക്കകത്ത് വീട് വരെ എത്താൻ എടുത്തത് 22 മണിക്കൂറോളമാണ്. വഴി നീളെയെല്ലാം കലങ്ങിയ കണ്ണുകളും കണ്ഠമിടറിയ മുദ്രാവാക്യങ്ങളുമായി പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത് പതിനായിരങ്ങളായിരുന്നു. ‘ ധീര സഖാവേ, വീര സഖാവേ… ആര് പറഞ്ഞു മരിച്ചെന്ന്’ എന്ന മുദ്രാവാക്യം അന്തരീക്ഷം ആകെ മുഴങ്ങി.

വിലാപയാത്ര കൊല്ലത്ത് കൂടെ കടന്നു നീങ്ങിയപ്പോൾ പാതിരാത്രിയും കൊച്ചു കുഞ്ഞുങ്ങളെ എടുത്ത സ്ത്രീകളും, വയ്യാത്ത കാലുകളുമായും വൃദ്ധരും വി എസ് അവസാനമായി യാത്ര ചെയ്യുന്ന വണ്ടിക്കൊപ്പം ഓടി നീങ്ങിയ കാഴ്ചകൾ കണ്ടു. മഴ പെയ്താലും കുഴപ്പമില്ല, എത്ര നിന്നാലും ഞങ്ങൾ വി എസിനെ കണ്ടിട്ടേ മടങ്ങൂ എന്നായിരുന്നു പലരുടെയും പ്രതികരണം. ‘അവൻ മഴ നനഞ്ഞോട്ടെ, ഇതിലും മഴ നനഞ്ഞ ആളാണ് വി എസ്’ എന്നായിരുന്നു ഒരു അച്ഛന്റെ പ്രതികരണം.

കർമ്മ മണ്ഡലമായ തിരുവന്തപുരവും, വി എസ് വളർത്തിയ കൊല്ലവും താണ്ടി വിലാപയാത്ര സമരഭൂമിയായ ആലപ്പുഴയിൽ എത്തിയപ്പോൾ അന്തരീക്ഷം ആകെ മുഴങ്ങിയത് ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്നായിരുന്നു.

കേരളത്തിലെ പല ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം വി എസിനെ അവസാനമായി കണ്ട് അഭിവാദ്യമർപ്പിക്കാൻ എത്തിയത് പതിനായിരങ്ങളായിരുന്നു. ചരിത്രം സൃഷ്ടിച്ച മനുഷ്യൻ, ചരിത്രത്തിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ മുൻ മുഖ്യമന്ത്രി, തളരാത്ത സമര നായകന് പിറന്ന മണ്ണ് യാത്രയയപ്പ് നൽകുന്നു.

content highlight: Comrade VS