മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിർദേശം.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. എസ്എഫ്ഐഒ റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ മകൾ വീണ, സിഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെ കേസിൽ കക്ഷി ചേർക്കാൻ കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു.
മാസപ്പടി കേസിൽ കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടന്നതെന്നും, കള്ളപ്പണ നിരോധന നിയമം, അഴിമതി നിയമം എന്നിവയനുസരിച്ചും അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജനപ്രാതിനിധ്യ നിയമമനുസരിച്ച് രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണം. അതിനാൽ സിബിഐ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകണമെന്നാണ് ഷോൺ ജോർജിൻ്റെ ഹർജിയിലെ ആവശ്യം.