ഇന്ത്യ യുകെ സ്വതന്ത്ര കരാറിനായി പ്രധാനമന്ത്രി യുകെയിലേക്ക് തിരിച്ചു.കരാറിൽ (എഫ്‌ടിഎ) ഔപചാരികമായി ഒപ്പുവയ്ക്കുകയാണ് സന്ദര്‍ശനത്തിൻ്റെ പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ചൊവ്വാഴ്‌ച മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് മോദി യാത്രയ്‌ക്ക് തയാറെടുത്തത്.
നാളെ ലണ്ടനിൽ വച്ച് കരാർ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ആദ്യം യുകെയിലേക്ക് പോകും.
തുടർന്ന് ദ്വീപ് രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ “വിശിഷ്‌ടാതിഥിയായി” പങ്കെടുക്കാൻ മാലിദ്വീപും സന്ദർശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി മോദി വിപുലമായ ചർച്ചകൾ നടത്തും. യുകെ സന്ദർശന വേളയിൽ മോദി ചാൾസ് മൂന്നാമൻ രാജാവിനെ കാണുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
ലണ്ടനിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ചെക്കേഴ്‌സിൽ വ്യാഴാഴ്‌ച സ്റ്റാർമർ മോദിയെ സ്വീകരിക്കും. വാണിജ്യമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് പ്രധാനമന്ത്രി ജോനാഥൻ റെയ്നോൾഡും രണ്ട് പ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തിൽ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) ഒപ്പുവയ്ക്കുമെന്ന് റിപ്പോർട്ടുകൾ വന്നു.
കരാർ അന്തിമമായത് നീണ്ടകാല ചര്‍ച്ചയ്‌ക്കൊടുവില്‍: മെയ് മാസത്തിൽ ഇന്ത്യയും യുകെയും എഫ്‌ടിഎയിൽ ഒപ്പുവച്ചു. ഇത് ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനം നേട്ടത്തിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ബ്രിട്ടീഷ് കമ്പനികൾക്ക് വിസ്‌കി, കാറുകൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുകയും മൊത്തത്തിലുള്ള വ്യാപാര തോത് വർധിപ്പിക്കുകയും ചെയ്യും.
മൂന്ന് വർഷത്തെ ചർച്ചകൾക്ക് ശേഷം ഉറപ്പിച്ച വ്യാപാര കരാർ, എല്ലാ മേഖലകളിലുമുള്ള ഇന്ത്യൻ ഉത്‌പന്നങ്ങൾ സമഗ്രമായ വിപണി പ്രവേശനം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. “ഈ സന്ദർശനം ഹ്രസ്വമാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കും. പ്രധാനമന്ത്രി മോദിയുടെ യുകെ സന്ദർശന വേളയിൽ എഫ്‌ടിഎ ഔപചാരികമായി ഒപ്പുവയ്‌ക്കുമോ എന്ന ചോദ്യത്തിന്, അവസാന നിമിഷം അതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മിശ്രി മറുപടി പറഞ്ഞു. വിശാലമായ രാഷ്ട്രീയ പുനഃക്രമീകരണത്തിൻ്റെ ഭാഗമായാണ് ബ്രിട്ടീഷ് പക്ഷം എഫ്‌ടിഎയെ കാണുന്നത്.