മലയാളികള്‍ എത്ര കണ്ടാലും മടുക്കാത്ത ഒരു ഫാമിലി-കോമഡി ചിത്രമാണ് പഞ്ചാബി ഹൗസ്. റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ചിത്രം 1998 ലാണ് പുറത്തിറങ്ങിയത് . ചിത്രത്തില്‍ നായികവേഷത്തില്‍ എത്തിയത് മോഹിനിയാണ്. നീന കുറുപ്പും സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലാണ് തന്നെയാണ് അഭിനയിച്ചത്. ഇപ്പോഴിതാ പഞ്ചാബി ഹൗസില്‍ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് മോഹിനിയെ ആയിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് നീന. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
നീന കുറുപ്പിന്റെ വാക്കുകള്‍…..
‘ശരിക്കും മോഹിനി അല്ലായിരുന്നു ഫസ്റ്റ് ഹീറോയിന്‍. മറ്റൊരാളാണ് ആ റോള്‍ ചെയ്തത്. ഒരു മൂന്ന് ദിവസം അവരാണ് ചെയ്തത്. ആ കുട്ടിക്ക് എന്തോ ഒരു പഞ്ചാബി ലുക്ക് ഇല്ലെന്ന് പറഞ്ഞ് മാറ്റിയിട്ട്, ഒരു ദിവസം ബ്രേക്ക് ചെയ്തിട്ടാണ് മോഹിനി ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്തത്. അവസാന നിമിഷം തീരുമാനം മാറുകയായിരുന്നു.
സിനിമയുടെ അവസാനം ഭാഗം വളരെ പ്രധാനപ്പെട്ടതാണെന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു. ഇമോഷണലായിട്ട് മോഹിനി പറയാന്‍ നോക്കുമ്പോള്‍ ഞാന്‍ അത് വാക്കുകള്‍ കൊണ്ട് പറഞ്ഞു കൊടുക്കണം. ഞാന്‍ നല്ല ടെന്‍ഷനിലായിരുന്നു അപ്പോള്‍. അത് ചെയ്യാന്‍ പറ്റുമോ എന്നൊരു പേടിയുണ്ടായിരുന്നു. സിനിമയില്‍ അത് എങ്ങനെ വന്നിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ആരും പരാതിയൊന്നും പറയുന്നത് കേട്ടിട്ടില്ല.’
ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ദിലീപ് നായകനായി എത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍,കൊച്ചിന്‍ ഹനീഫ, ലാല്‍, തിലകന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.