കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ റീ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയാക്കി.
നടപടികൾ പൂർത്തിയായതോടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. സംസ്കാരം ഉടൻ നടക്കും. വിപഞ്ചികയുടെ മരണത്തിൽ നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും.
രാവിലെ പതിനൊന്നരയോടെയാണ് റീ പോസ്‌റ്റ്‌മോർട്ടം ആരംഭിച്ചത്. നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഭർത്താവ് നിധീഷ് മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ കുടുംബം ആരോപിച്ചിരുന്നു. കുടുംബം അമിത സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും വിവാഹശേഷം പിറ്റേന്ന് തന്നെ വീട്ടിലെ മുഴുവന്‍ ജോലികളും വിപഞ്ചികയെക്കൊണ്ട് ചെയ്യിച്ചുവെന്നും കുടുംബം പറയുന്നു. നിധീഷ് ക്രൂരമായി വിപഞ്ചികയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഇവയെ ശരിവെക്കുന്ന തരത്തിൽ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് ആരോപിച്ചുകൊണ്ട് വിപഞ്ചിക എഴുതിയ കുറിപ്പ് പുറത്തുവന്നിരുന്നു.
ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവം അടക്കം വിപഞ്ചിക കുറിച്ചിരുന്നു. വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.