ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നുള്ള ജഗ്ദീപ് ധൻകറുടെ അപ്രതീക്ഷിത രാജിക്കു പിന്നാലെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ധൻഖറിന്റെ രാജിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ചൊവ്വാഴ്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, ഷെഡ്യൂൾ എത്രയും വേഗം പ്രഖ്യാപിക്കുമെന്നും കമ്മീഷൻ അറിയിച്ചു. രാഷ്ട്രപതി- ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമപ്രകാരം, തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ 30 മുതൽ 32 ദിവസത്തെ നിയമപരമായ സമയപരിധിയുണ്ട്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് 14 ദിവസവും, തുടർന്ന് സൂക്ഷ്മപരിശോധനയ്ക്ക് ഒരു ദിവസവും, സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് രണ്ടു ദിവസവും സമയപരിധിയുണ്ട്. വോട്ടെടുപ്പ് ആവശ്യമാണെങ്കിൽ, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം.
രാജ്യസഭയിലെയും ലോക്സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്നു വ്യത്യസ്തമായി, സംസ്ഥാന നിയമസഭകൾ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ലാ എന്നത് ശ്രദ്ധേയമാണ്. ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക.