മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ ഷമ്മി തിലകന്‍. കേരളത്തിന്റെ മനസ്സില്‍ ഒരു വികാരമായി മാറിക്കഴിഞ്ഞു അച്യുതാനന്ദന്‍ എന്ന് തെളിയിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതെന്നും ജനഹൃദയങ്ങളില്‍ വി എസ് ആഴത്തില്‍ പതിഞ്ഞ ഒരു മുദ്രയാണെന്നും ഷമ്മി തിലകന്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം…..
‘കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍: വിപ്ലവ സൂര്യന് ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യം! സഖാവ് വി.എസ്. അച്യുതാനന്ദന്‍ എന്ന പേര് ഒരു രാഷ്ട്രീയ നേതാവിന്റെതിനേക്കാള്‍ ഉപരി, കേരളത്തിന്റെ മനസ്സില്‍ ഒരു വികാരമായി മാറിക്കഴിഞ്ഞു എന്ന് തെളിയിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. വിലാപയാത്രയിലുടനീളം തടിച്ചുകൂടിയ ജനസാഗരം, ആ ജനനായകനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴം വിളിച്ചോതി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴികളിലെല്ലാം അണമുറിയാത്ത ജനപ്രവാഹം. പ്രായഭേദമന്യേ, രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ മണിക്കൂറുകളോളം കാത്തുനിന്നത്, ആ മഹാമനുഷ്യനെ ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യമര്‍പ്പിക്കാനുമായിരുന്നു.
ഓരോ മുഖത്തും നിഴലിച്ചിരുന്ന ദുഃഖം, ഓരോ കണ്ണില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ തുള്ളികള്‍ – അത് വെറും സാധാരണ കണ്ണീരായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ മുഴുവന്‍ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.’ഞങ്ങടെ സഖാവേ’ എന്ന് വിളിച്ച് നെഞ്ചുപൊട്ടി കരഞ്ഞ സാധാരണക്കാര്‍..! അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മൗനമായി നിന്ന കുട്ടികള്‍..! തളര്‍ച്ച മറന്ന് മുദ്രാവാക്യം വിളിച്ച വൃദ്ധര്‍…! ഈ ദൃശ്യങ്ങള്‍ ഓരോന്നും ഓര്‍മ്മിപ്പിക്കുന്നത്, വി.എസ്. വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല, സാധാരണ ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം എന്നതാണ്.
അവരുടെ ദുരിതങ്ങളില്‍ താങ്ങും തണലുമായിരുന്നു. ജനഹൃദയങ്ങളില്‍ വി.എസ്. ആഴത്തില്‍ പതിഞ്ഞ ഒരു മുദ്രയാണ്. അത് മായ്ക്കാന്‍ ഒരു കാലത്തിനും സാധിക്കില്ല. ജനങ്ങളോടൊപ്പം നിന്ന, ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച ആ ജനനായകന് ലഭിച്ച ഈ യാത്രയയപ്പ്, ഒരു പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാവാം. ലാല്‍ സലാം, സഖാവേ.. നിങ്ങള്‍ മരിക്കുന്നില്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളില്‍ വിപ്ലവത്തിന്റെ കനലായി നിങ്ങള്‍ എന്നും ജ്വലിച്ചുനില്‍ക്കും!’.