ആലപ്പുഴ: വിപ്ലവ നായകൻ വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം ആലപ്പുഴയിലെ ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ അണിനിരന്നത് പതിനായിരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പൊതുദർശനം ആരംഭിച്ചു. പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം വേദിയിലുണ്ട്.
പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.
ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നത്.