ന്യൂഡൽഹി: കാനഡയിൽ പരിശീലനപറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച തൃപ്പൂണിത്തറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും. ജൂലൈ 25ന് ഉച്ചകഴിഞ്ഞ് 2:40ന് മൃതദേഹം ടൊറന്റോയിൽ നിന്ന് ഡൽഹിയിലെത്തിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
26ന് രാവിലെ 8:10 നുള്ള എയർഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിക്കും. ജൂലൈ എട്ടിനായിരുന്നു കാനഡയിലെ മാനിടോബയിൽ പരിശീലനപറക്കലിനിടെ അപകടമുണ്ടായത്. ശ്രീഹരിയും കാനഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്‌സും പറത്തിയിരുന്ന വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. രണ്ട് പേരെയും രക്ഷപ്പെടുത്താനായില്ല. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. സ്വകാര്യ ലൈസൻസ് നേരത്തെ നേടിയിരുന്ന ശ്രീഹരി കൊമേഴ്‌സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു.