ന്യൂഡല്‍ഹി: വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻഖർ ഉടൻ തന്നെ ഔദ്യോഗികവസതി ഒഴിയുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജഗ്ദീപ് ധൻഖർ പാർലമെന്റ് ഹൗസ് കോംപ്ലക്‌സിന് സമീപം പുതുതായി നിർമ്മിച്ച ഉപരാഷ്ട്രപതി ഭവനിലേക്ക് താമസം മാറിയത്.
തിങ്കളാഴ്ചയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. അന്നേദിവസം രാത്രിതന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അപ്രതീക്ഷിത രാജിക്ക് പിന്നാലെ പല പ്രതിപക്ഷ കക്ഷി നേതാക്കളും ധന്‍കറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാല്‍, ആര്‍ക്കും കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി നല്‍കുന്നില്ലെന്നാണ് വിവരം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നുവെന്നാണ് സൂചന. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ധന്‍കര്‍ തയ്യാറായില്ല.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ധന്‍കര്‍ രാജിസമർപ്പിച്ചത്. ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. 2027 വരെയായിരുന്നു ഉപരാഷ്ട്രപതിപദത്തില്‍ അദ്ദേഹത്തിന്റെ കാലാവധി. അദ്ദേഹത്തിന്റെ രാജി എന്തുകൊണ്ടാണെന്നും ആരാകും പിന്‍ഗാമിയെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാണ്.