ലഖ്നോ: ‘വെസ്റ്റ് ആർട്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ വ്യാജ എംബസി പ്രവർത്തിപ്പിച്ചിരുന്ന അംബാസഡറെ പിടികൂടി. വെസ്റ്റ് ആർട്ടിക്കയുടെ ബാരൺ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ എന്നയാളെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയത്. എട്ടുവർഷമാണ് ആർക്കും സംശയം തോന്നാത്തവിധം അധികാരികളുടെ കണ്ണിൽപൊടിയിട്ട് വെസ്റ്റ് ആർക്ടിക്കയുടെ ‘അംബാസഡർ’ ആയി ഹർഷവർധൻ വിലസിയത്.
വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതാണ് പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകൾ എസ്.ടി. എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ടു വർഷമായി പ്രവർത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ഓഫിസിൽനിന്ന് വ്യാജ പാസ്പോർട്ടുകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
എംബസിയുടെ മറവിൽ ജോലിതട്ടിപ്പും ഹവാല റാക്കറ്റ് നടത്തിപ്പുമായിരുന്നു ഹർഷവർധന്റെ പ്രധാന ഉദ്ദേശ്യം. വിദേശജോലിക്ക് ശ്രമിക്കുന്ന വ്യക്തികൾക്കും വിദേശ കമ്പനികൾക്കും മധ്യസ്ഥത വഹിക്കുക, കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയവയായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇവർ വിദേശത്ത് ആളുകൾക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.