ഷാർജയിൽ ആത്മഹത്യ ചെയ്യ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നിധീഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. ഷാര്‍ജയിലുള്ള നിധീഷിനെ നാട്ടിലെത്തിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി ഇന്റര്‍പോളുമായി സഹകരിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം.
ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ ഫ്ലാറ്റിൽ വിപഞ്ചികയേയും രണ്ടര വയസുകാരി മകള്‍ വൈഭവിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി. റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിപഞ്ചികയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് നിധീഷിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ വിപഞ്ചികയുടെ ഫേസ്ബുക്കിലെ വിവരങ്ങള്‍ എടുക്കണമെന്ന ആവശ്യവുമായി സഹോദരന്‍ വിനോദ് രംഗത്തെത്തി.
മരണശേഷം വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റായെന്നാണ് സഹോദരന്റെ ആരോപണം. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഭര്‍ത്താവും കുടുംബം ശ്രമിക്കുകയാണ്. തന്റെ സഹോദരിയുടെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും സഹോദരന്‍ വ്യക്തമാക്കി.