ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി ധനകാര്യ വകുപ്പ് 831 കോടി രൂപ അനുവദിച്ചു.
62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തുന്നത്. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഈ മാസം 10 ന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നും ധനകാര്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു.
ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും.