ചൈന അതിർത്തിയിലെ കിഴക്കൻ അമുർ മേഖലയിൽ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. തകർന്നത് റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്ന് പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. സൈബീരിയൻ എയർലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിൽ അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 49 പേരുണ്ടായിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം ലാൻഡ് ചെയ്യുന്നതിനിടെ ജീവനക്കാർക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 1950-കളിൽ നിർമ്മിച്ച അന്റോനോവ് ആൻ-24 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചരക്ക്, യാത്രാ ഗതാഗതങ്ങൾക്കായി റഷ്യയിൽ ഈ വിമാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.