സിനിമാസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസില്‍ – അമല്‍ നീരദ് കോംബോ. 2014 ല്‍ പുറത്തെത്തിയ ‘ഇയ്യോബിന്റെ പുസ്തക’വും 2018 ല്‍ പുറത്തിറങ്ങിയ ‘വരത്തനു’മാണ് അമലിന്റെ സംവിധാനത്തില്‍ ഫഹദ് നായകനായി എത്തിയ ചിത്രങ്ങള്‍. ഇപ്പോഴിതാ അമല്‍ നീരദിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു പ്രോജക്റ്റിനെക്കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.
‘അമിതാഭ് ബച്ചന്‍ ചിത്രം ‘മിലി’, രജനികാന്ത് നായകനായി എത്തിയ ‘ജോണി’, മോഹന്‍ലാല്‍-പത്മരാജന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘സീസണ്‍’, മോണിക്ക ബെലൂച്ചി ചിത്രം ‘മലീന’, ഇല്‍ പോസ്റ്റിനോ എന്നിവയാണ് ഫഹദ് റെക്കമെന്‍ഡ് ചെയ്യുന്ന സിനിമകള്‍. ഇതില്‍ സീസണ്‍ റീമേക്ക് ചെയ്യാനുള്ള ആഗ്രഹമാണ് ഫഹദ് പ്രകടിപ്പിച്ചത്. താന്‍ അതിനായി അമല്‍ നീരദിനോട് ദീര്‍ഘകാലമായി കെഞ്ചുകയാണെന്ന് ഫഹദ് പറയുന്നു’.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിനാണ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും ഫഹദ് തുറന്ന് പറഞ്ഞത്.
1989 ല്‍ പത്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സീസണ്‍ മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.