കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ, ഓരോ കുട്ടിക്കും സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വര്‍ഷം സമഗ്രഗുണമേന്മാ വര്‍ഷമായി ആചരിക്കുകയാണ്. നിലവില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ 2005-ലും 2013-ലും പരിഷ്‌കരിച്ച SCERT, NCERT പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്.
പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി, ഹയര്‍സെക്കന്‍ഡറി തലത്തിലെ SCERT പാഠപുസ്തകങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുകയാണ്. ഈ പരിഷ്‌കരണ പ്രക്രിയയില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനായി വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ 25-ന് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വെച്ച് നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍, ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഇതുകൂടാതെ, ദേശീയതലത്തില്‍ നടന്ന വിദ്യാഭ്യാസ സര്‍വേയില്‍ (PRS 2024) കേരളം തിളക്കമാര്‍ന്ന വിജയം കൈവരിച്ച വര്‍ഷം കൂടിയാണിത്. ഈ സുപ്രധാന വിജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രസ്തുത ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐ.എ.എസ് നിര്‍വഹിക്കും.
ഈ പരിഷ്‌കരണങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് ആധുനികവും കാലികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
CONTENT HIGH LIGHTS; Higher Secondary Curriculum Reform Begins: Another leap forward in Kerala’s public education sector