ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നാണ് ട്രെയിൻ യാത്ര. ദീർഘദൂര യാത്രകൾ തടസ്സങ്ങളില്ലാതെ വേഗത്തിൽ സഞ്ചരിക്കാൻ പറ്റിയ മാർഗമാണ് ട്രെയിൻ. മനോഹരമായ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ സാധിക്കുന്നതിനാൽ ട്രെയിൻ യാത്ര സുഖകരമാണ്. പരിചയമില്ലാത്ത സ്ഥലങ്ങൾ, ആളുകൾ തുടങ്ങിയയെല്ലാം കാണാനും പരിചയപ്പെടാനും ട്രെയിൻ യാത്രയിലൂടെ സാധിക്കും.
ജനാലയ്ക്കരികിലെ കാഴ്ചകൾ കണ്ടും ഇരുന്നും നടന്നും കിടന്നുമൊക്കെ യാത്ര ചെയ്യാമെന്നതാണ് സ്ലീപ്പർ ക്ലാസിന്റെ പ്രത്യേകത. കൊച്ചു കൊച്ചു വർത്തമാനങ്ങൾ, വീട്ടിൽ നിന്ന് അമ്മ നൽകിയ ഭക്ഷണപ്പൊതി അങ്ങനെ തീവണ്ടി യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനോഹരമായ നിരവധി കാര്യങ്ങളാണ് മനസ്സിലേക്ക് എത്തുന്നത്. ദീർഘദൂര രാത്രി യാത്രയ്ക്ക് പുറപ്പെടുന്നവർ മിക്കപ്പോഴും തീവണ്ടിയിലെ സ്ലീപ്പർ ക്ലാസ് യാത്ര ആയിരിക്കും തിരഞ്ഞെടുക്കുക.
തീവണ്ടി യാത്ര ഇഷ്ടപ്പെടുന്നതു പോലെ തന്നെ മനോഹരമാക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ സുഖകരമായ ഒരു യാത്ര നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
ഷാൾ കരുതുക, ഒപ്പം ബെഡ്ഷീറ്റും
ഐ ആർ സി ടി സി നൽകുന്ന പുതപ്പുകൾ പലപ്പോഴും നിങ്ങൾക്ക് ഇഷ്ടമാകണമെന്നില്ല. ആ സമയത്ത് സ്വന്തമായി ഒരു ഷാൾ അല്ലെങ്കിൽ കനം കുറഞ്ഞ ബെഡ് ഷീറ്റ് കരുതുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദമായിരിക്കും. തലയണയ്ക്ക് പകരം വേണമെങ്കിൽ ഇത് മടക്കി വച്ച് ഉപയോഗിക്കുകയും ചെയ്യാം. ഒരു കനം കുറഞ്ഞ ബെഡ് ഷീറ്റ് കൂടി കരുതുക. ബെർത്തിൽ വിരിക്കാൻ ഇത് ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ വൃത്തിയോടെ വിശ്രമിക്കാൻ നിങ്ങളെ സഹായിക്കുന്നു.
സ്റ്റീൽ ടിഫിൻ ബോക്സ് കരുതുക, ലഘുഭക്ഷണം ഇങ്ങനെയാകാം
ട്രെയിൻ യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ കഴിക്കാൻ കൈവശം എന്തെങ്കിലും കരുതുക. ട്രെയിനിൽ നിന്നു വാങ്ങുന്നതിന് പകരമായി വറുത്ത കടല, നിലക്കടല, ചിപ്സ്, മുറുക്ക് എന്നിവ കരുതാവുന്നതാണ്. കൂടാതെ ഭക്ഷണം സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ എടുക്കാം. വാഴയിലയിൽ പൊതിച്ചോറ് കെട്ടുമ്പോൾ കൃത്യസമയത്ത് തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. കുടിക്കാനായി ആവശ്യത്തിന് വെള്ളം കരുതാനും ശ്രദ്ധിക്കണം.
മാലിന്യങ്ങൾ സൂക്ഷിക്കാൻ ഒരു കവർ കരുതുക
അലങ്കോലമായി കിടക്കുന്ന ഒരു ബെർത്ത് ആരും ആഗ്രഹിക്കുന്നില്ല. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിയാതെ ഒരു കവറിൽ സൂക്ഷിക്കുക. എവിടെയെങ്കിലും ഡസ്റ്റ് ബിൻ കാണുമ്പോൾ അവിടെ നിക്ഷേപിക്കുക. നിങ്ങളുടെ ചെറിയ ശ്രദ്ധ വലിയ മാറ്റമാണ് സമൂഹത്തിൽ കൊണ്ടു വരിക.
റബ്ബർ ചെരുപ്പുകൾ ഉപയോഗിക്കാം
ട്രെയിനിലെ ടോയ്ലറ്റുകൾ എല്ലായ്പ്പോഴും വൃത്തിയുള്ളത് ആയിരിക്കണമെന്നില്ല. ഈടു നിൽക്കുന്നതും കഴുകാൻ എളുപ്പമുള്ളതുമായ റബ്ബർ സ്ലിപ്പറുകൾ ടോയിലറ്റിൽ പോകുമ്പോൾ ഉപയോഗിക്കാൻ കരുതുക. ഒപ്പം വാഷ് റൂമിൽ പോകുമ്പോൾ ഉപയോഗിക്കാൻ പോക്കറ്റ് സോപ്പ്, സാനിറ്റൈസർ, ടിഷ്യൂ എന്നിവ കരുതുക. അതിരാവിലെ ടോയ്ലറ്റുകൾ വൃത്തിയുള്ളത് ആയിരിക്കും.
വിനോദത്തിന് സമയം കണ്ടെത്താം
വെറുതെ ഇരിക്കാതെ സിനിമ, പാട്ട് എന്നിവ ആസ്വദിക്കാനുള്ള സമയമായി ഓരോ ട്രെയിൻ യാത്രയും മാറ്റാം. തനിച്ചാണ് യാത്രയെങ്കിൽ ഇത്തരത്തിൽ സമയം കളയാം. അതല്ലാ, കുടുംബത്തിനൊപ്പമാണ് യാത്രയെങ്കിൽ ബോർഡ് ഗെയിമുകളോ കാർഡ് ഗെയിമുകളോ കൈയിൽ കരുതാവുന്നതാണ്.
പവർബാങ്ക് കരുതാം
ദീർഘദൂര യാത്രയിൽ ഒരു പവർ ബാങ്ക് കൈയിൽ കരുതാവുന്നതാണ്. വിൻഡോ സീറ്റ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഒരു സ്കാർഫ്, സൺ ഗ്ലാസ് എന്നിവ കരുതുന്നത് നല്ലതായിരിക്കും. ചൂടിൽ നിന്നും പൊടിയിൽ നിന്നും ഇത് സംരക്ഷണം നൽകും.