അടിമുടി വമ്പൻ മാറ്റവുമായി റെനോ ട്രൈബർ. സുരക്ഷയുടെ കാര്യത്തിലും പുതിയ ഫീച്ചറിന്റെ കാര്യത്തിലും ട്രൈബര്‍ എംപിവി മുന്നിൽത്തന്നെയാണ്. വാഹനത്തിന്റെ എക്സ് ഷോറൂം വില 6.3 ലക്ഷത്തിനും 9.17 ലക്ഷത്തിനുമിടയിലാണ്. കൂടാതെ ഒട്ടനവധി ഫീച്ചറുകളോടെയാണ് ട്രൈബറിന്റെ വരവ്.
വാഹനമിറങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് പുതിയ അപ്ഡേഷൻ. വാഹനത്തിന് പുതിയ ഹെഡ് ലാമ്പുകൾ, എൽഇഡി ഡിആർഎൽ ലൈറ്റുകൾ, സ്മോക്ഡ് എൽ.ഇ.ഡി ടൈൽ ലാമ്പ്, ഗ്ലോസ് ബ്ലാക് ഗ്രിൽ എന്നിവ നൽകിയിട്ടുണ്ട്. ഡയമണ്ട് ഷേപ്പിലുള്ള പുതിയ ലോഗോ കമ്പനി ആദ്യമായി ട്രൈബറിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും ഇന്ത്യയിലെത്തുന്ന വാഹനങ്ങളിൽ പുതിയ ലോഗോ തന്നെയാകും ഉണ്ടാവുക.
വാഹനത്തിന്റെ പിറകിലായി കാബിനിലും അപ്ഹോൾസ്റ്ററിയിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഡ്രൈവറിന്റെ മുന്നിലുള്ള ഡിസ്പ്ലേ മെച്ചപ്പെട്ടതുൾപ്പെടെ എസി വെന്റിന്റേയും എട്ട് ഇഞ്ച് ഇൻഫോട്ടെയിൻമെന്റ് സിസ്റ്റത്തിന്റെയും സ്ഥാനം മാറിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ എന്നിവയും ഉണ്ട്. സ്റ്റാൻഡേർഡായി 6 എയർബാഗുകളും വാഹനത്തിനുണ്ട്. TPMS, ABS, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പുതിയ ട്രൈബറിൽ സുരക്ഷാ ഉപകരണങ്ങളായി നിലനിർത്തിയിട്ടുണ്ട്. ഈ എം.പി.വിക്ക് ഓതെന്റിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ നാല് വകഭേദങ്ങൾ ലഭിക്കും. 1.0 ലീറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ട്രൈബറിന്റേത്. 72 ബി.എച്ച്.പി പവറും 96 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. 5 സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളാണ് റെനോ നൽകുന്നത്. റനോ ട്രൈബറിന് മൂന്നു വർഷത്തെ വാറണ്ടിയും നൽകുന്നുണ്ട്.