ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാരക്കരാർ (FTA) യാഥാർത്ഥ്യമായി. ഇന്ത്യ കയറ്റുമതി നടത്തുന്ന ഏകദേശം 99% ഇനങ്ങൾക്കും യു.കെ തീരുവ ഒഴിവാക്കും. 3 വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് വ്യാപാരക്കരാർ നടപ്പാകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവർ ദ്വിദിന സന്ദർശനത്തിനായി ജൂലൈ 23ാം തിയ്യതിയാണ് യു.കെയിൽ എത്തിയത്.
ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തുന്ന ഏകദേശം 99% ഉല്പന്നങ്ങളുടെ തീരുവ യു.കെ ഒഴിവാക്കും. പകരം യു.കെയിൽ നിന്ന് ഇറക്കുമതി നടത്തുന്ന 90% ഇനങ്ങളുടെ തീരുവ ഇന്ത്യയും കുറയ്ക്കും. അടുത്ത 10 വർഷത്തിനകം ഇവയിൽ 85% ഇനങ്ങൾക്കും തീരുവ പൂർണമായി ഒഴിവാകും. അതായത് രണ്ട് രാജ്യങ്ങൾക്കും തങ്ങളുടെ ഉല്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് പരസ്പരം വില്പന നടത്താം. ഈ കരാർ കേരളത്തിനും നേട്ടമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ
യുകെയിൽ തേയില ഇറക്കുമതിചെയ്യുന്നതിന്റെ വലിയ പങ്കും വയനാട്ടിൽ നിന്നും മൂന്നാറിൽ നിന്നുമാണ്. 2024-ൽ ഇന്ത്യയുടെ തേയില കയറ്റുമതി 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 255 ദശലക്ഷം കിലോഗ്രാമിലെത്തിയപ്പോള്‍ അതില്‍ വലിയൊരു ഭാഗം കേരളത്തിന്‍റെ സംഭാവനയായിരുന്നു. തേയിലക്കയറ്റുമതിയില്‍ വർഷം തോറും 10% വർധനവാണ് രാജ്യത്തുണ്ടാകുന്നത്. കേരളത്തിലെ തോട്ടങ്ങൾ ഇപ്പോൾ 25-ലധികം രാജ്യങ്ങളിലേക്ക് പ്രീമിയം തേയില വിതരണം ചെയ്യുന്നു, ജർമനി, മിഡിൽ ഈസ്റ്റ്, യുഎസ്എ, റഷ്യ, മറ്റു യൂറോപ്പ്യൻ രാജ്യങ്ങള്‍ എന്നിവയാണ് പ്രധാന വിപണികൾ.
അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യ- യുകെ സ്വതന്ത്യ വ്യാപാര കരാർ നിലവിൽ വരുമ്പോള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരിൽ കേരളത്തിലെ വ്യവസായികളുമുണ്ട്. തേയില മാത്രമല്ല, സമുദ്രോത്പന്നങ്ങൾ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് തുടങ്ങി 99 ശതമാനം ഉത്പന്നങ്ങള്‍ക്കും പുതിയ കരാറിന് കീഴിൽ യുകെ തീരുവ ചുമത്തില്ല. ഇന്ത്യയില്‍ നിന്നുള്ള തേയിലക്കയറ്റുമതി കഴിഞ്ഞ വര്‍ഷം സര്‍വ കാല റിക്കാര്‍ഡിലെത്തിയപ്പോള്‍ കേരളത്തിലെ തോട്ടമുടമകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും നല്ല വില കിട്ടി. 2024-25 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തേയില കയറ്റുമതി 525.96 മില്യൺ യുഎസ് ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 463.67 മില്യൺ യുഎസ് ഡോളറായിരുന്നു, ഇത് 13.43% വളർച്ചയാണ് കാണിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയിലും ഗണ്യമായ വളർച്ചയുണ്ടായി, മൂല്യത്തിൽ 10.40% വർധനവുണ്ടായി, 2476.50 മില്യൺ യുഎസ് ഡോളറിലെത്തി. ഒക്ടോബറിൽ മാത്രം സുഗന്ധവ്യഞ്ജന കയറ്റുമതി 30.91% വർദ്ധിച്ചു. 2024 സെപ്റ്റംബറിൽ വേൾഡ് ഫുഡ് ഇന്ത്യയിൽ, ഇന്ത്യ ടീ പവലിയനിൽ ടീ ബോർഡ് ഇന്ത്യൻ തേയില പ്രദർശിപ്പിച്ചു. ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഉയർന്ന വിളവ് നൽകുന്ന, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ചെറിയ ഏലം ഇനം ‘ICRI 10’ സ്പൈസസ് ബോർഡ് അവതരിപ്പിച്ചു.
സോഫ്റ്റ്‍വെയർ, ഇലക്ട്രോണിക്‌സ് മേഖലകളിലും തീരുവ ചുമത്താതിരിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതോടെ കയറ്റുമതി ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വ്യവസായികള്‍. അത് പോലെതന്നെകേരളത്തിലെ കയറ്റുമതി മേഖലയില്‍ 60 ശതമാനത്തോളം സ്വര്‍ണ്ണാഭരണങ്ങളും രത്നാഭരണങ്ങളുമാണ്. സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതിയുടെ ഏതാണ് ഒമ്പത് ശതമാനം വരും. കേരളത്തിലെ കയറ്റുമതിയുടെ നാലു ശതമാനത്തിലേറെ സുഗന്ധ വ്യഞ്ജനങ്ങളാണ്. കയറ്റുമതിയുടെ 1.10 ശതമാനം തേയിലയാണ്. യുകെയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ പ്രധാനമന്ത്രി ഒപ്പു വെച്ചപ്പോള്‍ കേരളത്തിലെ ഈ മേഖലകളിലെല്ലാം പ്രതീക്ഷകള്‍ തളിര്‍ക്കുകയാണ്. മൂന്നാറിലേയും വയനാട്ടിലേയും തേയിലതോട്ടമുടമകള്‍ പുതിയ കരാറില്‍ വന്‍ പ്രതീക്ഷയിലാണ്. കുരുമുളക്, ഏലം, ഗ്രാമ്പൂ കര്‍ഷകരും പ്രതീക്ഷയുടെ ചിറകിലാണ്.