അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഇക്കാര്യം വാര്‍ത്താ ഏജന്‍സികളായ പിടിഐയും എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്തതു. 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഈ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുംബൈയിലെ അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ നിലവില്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. നാഷണല്‍ ഹൗസിംഗ് ബാങ്ക്, സെബി, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ, സിബിഐയുടെ രണ്ട് എഫ്‌ഐആറുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇഡിയുടെ ഈ നടപടിയെക്കുറിച്ച്, റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും എഎന്‍ഐയോട് നല്‍കിയ പ്രസ്താവനയില്‍, ‘റിലയന്‍സ് പവറിന്റെയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ബിസിനസ് പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക പ്രകടനം, ഓഹരി ഉടമകള്‍, ജീവനക്കാര്‍ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും പങ്കാളികളെ ഇത് ബാധിക്കില്ല’ എന്ന് പറഞ്ഞു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ആര്‍കോം) അല്ലെങ്കില്‍ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍) എന്നിവയുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന കമ്പനി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.