ഇനിമുതൽ എമര്‍ജന്‍സി ക്വാട്ട (ഇ ക്യു) ടിക്കറ്റിന് ഒരു ദിവസം മുൻപ് അപേക്ഷിക്കേണ്ടി വരും. ഇതോടെ യാത്രക്കാരുടെ എമർജൻസി റെയിൽവേ തീരുമാനിക്കുന്ന തരത്തിലായി. ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നത് ഈയടുത്ത് നടപ്പാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഈ മാറ്റം.
വി ഐ പികള്‍, റെയില്‍വേ ജീവനക്കാര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാര്‍ എന്നിവര്‍ക്കായാണ് എമര്‍ജന്‍സി ക്വാട്ട അനുവദിക്കാറുള്ളത്. എമര്‍ജന്‍സി ക്വാട്ട ടിക്കറ്റ് ആവശ്യമുള്ള യാത്രക്കാര്‍ കുറഞ്ഞത് ഒരു ദിവസം മുന്‍പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. ദുരുപയോഗം ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് റെയിൽവേ പറയുന്നു.
രാത്രി 12 മണിക്ക് ശേഷവും ഉച്ചയ്ക്ക് രണ്ട് മണി വരെയും പുറപ്പെടുന്ന ട്രെയിനുകളിലേക്കുള്ള എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍, യാത്രയുടെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ ഇ ക്യു സെല്ലില്‍ ലഭിക്കണമെന്നാണ് പുതിയ അറിയിപ്പ്. ട്രെയിന്‍ പുറപ്പെടുന്ന ദിവസം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഇതോടെ അടിയന്തര ഘട്ടത്തിൽ ചികിത്സയ്ക്കും മറ്റുമായി പുറപ്പെടേണ്ടവരുടെ യാത്ര പ്രതിസന്ധിയിലാകുകയും എമർജൻസി ക്വാട്ട എന്ന പദ്ധതിയുടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.
content highlight: Railway