ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം 2013, രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.ഈ നിയമത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളും വരുമെന്നും അതിലെ നടപടിക്രമങ്ങൾ പാലിക്കാൻ അവർക്ക് ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.രാഷ്ട്രീയ പാർട്ടികളിൽ സ്ത്രീകൾക്ക് സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കണമെന്ന് പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് ഉത്തരവാദിത്തം നൽകണമെന്നും ഹർജിയിൽ പറയുന്നു. വിശാലാ വിധിയിലും 2013-ലെ നിയമത്തിലും സുപ്രീം കോടതി നൽകിയ നിർദേശങ്ങൾക്കനുസരിച്ച് ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ ഒരു പരാതി പരിഹാര സംവിധാനം രൂപീകരിക്കാൻ കേന്ദ്രത്തിനും ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
“പ്രവർത്തന സ്ഥലത്തെ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013 (പോഷ് നിയമം) വഴി രാഷ്ട്രീയ പ്രവർത്തകരായ സ്ത്രീകളെ സംരക്ഷണ വലയത്തിൽ നിന്ന് ഒഴിവാക്കുന്നത് ഈ റിട്ട് ഹർജി ചോദ്യം ചെയ്യുന്നു,”എന്ന് ഹർജിയിൽ പറയുന്നു.
നിയമത്തിൻ്റെ പുരോഗമനപരമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നിട്ടും, രാഷ്ട്രീയ പ്രവർത്തകരായ സ്ത്രീകൾക്ക്, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവർക്ക്, പ്രചാരണ പ്രവർത്തനങ്ങളിലും പാർടി പ്രവർത്തനങ്ങളിലും ലൈംഗിക ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമ ചട്ടക്കൂടിൽ ഫലപ്രദമായ നിയമപരമായ പ്രതിവിധിയില്ലെന്നും ഹർജിയിൽ പറയുന്നു. യുഎൻ വിമൻ (2013), ഇൻ്റർ-പാർലമെൻ്ററി യൂണിയൻ (2016) എന്നിവയുടെ പഠനങ്ങൾ രാഷ്ട്രീയ മേഖലകളിൽ സ്ത്രീകൾക്ക് വ്യാപകമായ മാനസികവും ലൈംഗികവുമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നു എന്ന് എടുത്തു കാണിക്കുന്നുണ്ട്. പോഷ് നിയമപ്രകാരം ഇത്തരം പ്രവർത്തകർക്ക് സംരക്ഷണം നൽകേണ്ടത് അടിയന്തര ആവശ്യമാണെന്നും ഹർജി ഊന്നിപ്പറയുന്നു.
മറ്റ് തൊഴിലുകളിലുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന സംരക്ഷണം രാഷ്ട്രീയത്തിലുള്ള സ്ത്രീകൾക്ക് ലഭിക്കാത്തതിന് യുക്തിപരമായ കാരണമോ വ്യക്തമായ വ്യത്യാസമോ ഇല്ലെന്ന് ഹർജിക്കാരൻ വാദിച്ചു. രാഷ്ട്രീയ പാർടി പ്രവർത്തകർ നിയമത്തിലെ “തൊഴിലാളി” എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരാണ്. രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും വ്യക്തമായ ഒരു ചട്ടക്കൂട് സ്ഥാപിക്കാൻ ഹർജി ലക്ഷ്യമിടുന്നതായി ഹർജിക്കാരൻ പറഞ്ഞു.
2013-ലെ നിയമപ്രകാരം ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ ഒരു ആഭ്യന്തര പരാതി സമിതി (ഇൻ്റേണൽ കംപ്ലെയിൻ്റ്സ് കമ്മിറ്റി) രൂപീകരിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം 2024-ൽ അഭിഭാഷകയായ യോഗമായ എംജി സമാനമായ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു. അന്ന് ഉചിതമായ അധികാരികളെ സമീപിക്കാൻ കോടതി അനുമതി നൽകി. തുടർന്ന് യോഗമായ തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.